29 വര്‍ഷം പഴക്കമുള്ള കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിനെതിരായ കേസ് ദുര്‍ബലമെന്ന് അഭിഭാഷക ദീപിക സിംഗ് രജാവത്ത്. അഹമ്മദാബാദില്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ അഭിഭാഷകരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷ പകരുന്ന കാര്യങ്ങളാണ് ലഭിച്ചതെന്നും കേസുമായി മുന്നോട്ടു പോകുമെന്നും കത്വ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത അഭിഭാഷക ട്വിറ്ററിലൂടെ വ്യക്തമാക്കി.
‘അഹമ്മദാബാദില്‍ ഐ.പി.എസ് സഞ്ജീവ് ഭട്ടിന്റെ പ്രാദേശിക അഭിഭാഷകരുമായി, അദ്ദേഹത്തിന്റെ കേസ് സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തി. മുന്നോട്ടു പോകാനുള്ള ശക്തമായ അടിസ്ഥാനമുണ്ട്. അദ്ദേഹത്തെ ബഹുമാനപൂര്‍വം വിട്ടയക്കുമെന്ന് എനിക്കു പ്രതീക്ഷയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ശക്തിപകരാന്‍ നമുക്ക് കൈകോര്‍ക്കാം…’ – ദീപിക സിംഗ് ട്വീറ്റ് ചെയ്തു.
2002-ലെ ഗോധ്ര സംഭവത്തിനു ശേഷം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍, അക്രമങ്ങള്‍ക്കു നേരെ കണ്ണടക്കാന്‍ ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തല്‍ നടത്തിയാണ് സഞ്ജീവ് ഭട്ട് ശ്രദ്ധാകേന്ദ്രമായത്. 2017-ല്‍ അനധികൃതമായി വിട്ടുനില്‍ക്കുന്നുവെന്നാരോപിച്ച് അദ്ദേഹത്തെ സര്‍വീസില്‍ നിന്നു പുറത്താക്കി. 1990-ല്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന ഒരാള്‍ വിട്ടയക്കപ്പെട്ട ശേഷം മരണപ്പെട്ട കേസില്‍ പ്രതിയാക്കിയാണ് ഭട്ടിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ്, സഞ്ജീവ് ഭട്ടിന് നിയമസഹായം നല്‍കുമെന്ന് ദീപിക സിംഗ് വ്യക്തമാക്കിയത്. നീതി നേടാനുള്ള ഏറ്റവും വലിയ വഴികളിലൊന്ന് അനീതിയെ തുറന്നു കാട്ടലാണെന്നും സത്യസന്ധനായ ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെയും കുടുംബത്തിന്റെയും കൂടെ നില്‍ക്കുമെന്നും ദീപിക ജൂലൈ എട്ടിന് വ്യക്തമാക്കി
Post Your Comments