കളമശേരി : എസ്എഫ്‌ഐയുടെ മാനസിക പീഡനം മൂലം സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് കളമശേരി ഗവ.പോളിടെക്‌നിക് കോളജിലെ അധ്യാപിക കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന് പരാതി നല്‍കി. പുരുഷ ഹോസ്റ്റലിന്റെ കണ്‍വീനര്‍ ചുമതലയുള്ള ലിസി ജോസഫ് എന്ന അധ്യാപികയാണ് തന്റെ ദുരനുഭവം തുറന്ന് പറയുന്നത്. പോളിടെക്നിക് ഹോസ്റ്റലില്‍ പുറമേ നിന്നുള്ള വിദ്യാര്‍ഥികളും പഠനം കഴിഞ്ഞു പോയവരും പ്രവേശിക്കുന്നത് വിലക്കിയതിന്റെ പേരില്‍ ഹോസ്റ്റല്‍ കണ്‍വീനറായ തന്നെ അപമാനിക്കുന്ന വിധത്തില്‍ ക്യാംപസില്‍ ബോര്‍ഡുകള്‍ വയ്ക്കുന്നുവെന്നാണ് അധ്യാപികയായ ലിസി ജോസഫിന്റെ പരാതി.
പോളിടെക്‌നിക് പുരുഷ ഹോസ്റ്റലില്‍ 2017ല്‍ റാഗിങ് നടന്നതിനു ശേഷം പുരുഷ അധ്യാപകര്‍ കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചപ്പോഴാണ് പ്രിന്‍സിപ്പലിന്റെ ആവശ്യപ്രകാരം ലിസി ജോസഫ് ചുമതലയേറ്റത്. 2017-18 ല്‍ ഹോസ്റ്റലില്‍ മികച്ച രീതിയില്‍ അച്ചടക്കം നിലനിന്നു പോരുന്നു. എന്നാല്‍ വിദ്യാര്‍ഥികളെ അവരുടെ അഴിഞ്ഞാട്ടങ്ങള്‍ക്ക് കണ്ണടച്ച് കൊടുക്കാത്തതാണ് അപ്പോള്‍ ഇത്തരത്തില്‍ അധ്യാപികയ്‌ക്കെതിരെ ഇത്തരത്തില്‍ നടപടികള്‍ ഉണ്ടാകാന്‍ കാരണം. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും അതിനു ശേഷം 13 വര്‍ഷം എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകയും 10 വര്‍ഷമായി കെജിഒഎ അംഗവുമാണ് ലിസി ജോസഫ്.
ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് കൃത്യസമയത്ത് ആഹാരം നല്‍കുകയും ഫുള്‍ടൈം വാച്ച്മാനെ നിയമിക്കുകയും ചെയ്തു. എല്ലാ മാസവും ഹോസ്റ്റല്‍ പിടിഎ വിളിച്ചു, ഹോസ്റ്റല്‍ സൗകര്യം വര്‍ധിപ്പിച്ചു. രോഗിയായ ഭര്‍ത്താവിനൊപ്പം ക്യാംപസില്‍ തന്നെയാണ് ലിസി ജോസഫ് താമസിക്കുന്നത്. ഇതുമൂലം അനധികൃതമായി ആര്‍ക്കും ക്യാംപസില്‍ കയറാന്‍ കഴിയാത്തതാണ് തനിക്കെതിരെയുള്ള നീക്കങ്ങള്‍ക്കു കാരണമെന്നും പരാതിയില്‍ അധ്യാപിക വ്യക്തമാക്കുന്നു.
കഴിഞ്ഞ ജൂണില്‍ പുതിയ കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയപ്പോള്‍ മുറി വൃത്തിയാക്കുന്നതിനിടയില്‍ അധ്യാപിക മനഃപൂര്‍വം ബുക്ക് നഷ്ടപ്പെടുത്തിയെന്ന് ഒരു വിദ്യാര്‍ഥി പരാതി നല്‍കി. പ്രിന്‍സിപ്പല്‍ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു. അന്വേഷണത്തില്‍ ഹോസ്റ്റലിലെ കുട്ടികളാരും അധ്യാപികയെ കുറ്റപ്പെടുത്തിയില്ല. എന്നാല്‍ തന്നെ അപമാനിക്കുന്ന വിധത്തില്‍ എസ്എഫ്‌ഐ പേരുവച്ചു ക്യാംപസില്‍ ബോര്‍ഡുകള്‍ വച്ചു എന്നും തനിക്കെതിരെ ഗൂഢമായ ആലോചനകള്‍ നടക്കുന്നതായും അധ്യാപിക പറയുന്നു.
Post Your Comments