അലീഗഢ് : മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നടത്തുന്ന മദ്രസയ്ക്കുള്ളില്‍ പള്ളിക്കൊപ്പം ക്ഷേത്രവും നിര്‍മിക്കുന്നു. അലീഗഢില്‍ പ്രവര്‍ത്തിച്ചു വരുന്ന ചാച്ചാ നെഹ്റു മദ്രസ കെട്ടിടത്തിന് അകത്തായാണ് പള്ളിയും ക്ഷേത്രവും പണിയാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് പള്ളിക്കൊപ്പം ക്ഷേത്രവും പണിയുന്നതെന്ന് അവര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
ഈ മദ്രസയ്ക്കൊപ്പം സ്‌ക്കൂളും പ്രവര്‍ത്തിക്കുന്നതിനാല്‍ മുസ്ലിം വിദ്യാര്‍ത്ഥികളെ കൂടാതെ ഹിന്ദു വിദ്യാര്‍ത്ഥികളും ഇവിടെ താമസിച്ചു പഠിക്കുന്നുണ്ട്. ഇവിടെ താമസിച്ചു പഠിക്കുന്നവര്‍ മുസ്ലിം പള്ളികളിലും, ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്താനായി ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങുന്നത് ഒഴിവാക്കി അവര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പ് നല്‍കുന്നതിനായാണ് മദ്രസയ്ക്കുള്ളില്‍ പള്ളിയും ക്ഷേത്രവും നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതെന്ന് സല്‍മ പറഞ്ഞു.
തന്റെ സ്‌കൂളില്‍ മദ്രസയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നതിനാല്‍ മറ്റു സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഇവിടെ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ മടിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സ്ഥാപനത്തിന് ലഭിച്ചിട്ടുള്ള അംഗീകാരങ്ങളും ട്രോഫികളില്‍ ഭൂരിഭാഗവും ഹിന്ദു വിദ്യാര്‍ത്ഥികളുടേയും കൂടി പങ്കാളിത്തം കൊണ്ട് നേടിയതാണെന്നും അവര്‍ അറിയിച്ചു. 2017ല്‍ മദ്രസയിലെ കുടിവെള്ളത്തില്‍ എലിവിഷം കലക്കാന്‍ ശ്രമം നടന്നിരുന്നു.
Post Your Comments