മുംബൈ: കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാര്‍ക്ക് നേരൈ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് രാജ്യം മുഴുവനുമുള്ള ഡോക്ടര്‍മാര്‍ സമരത്തിനിരങ്ങിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ മുംബൈയിലും രോഗിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് ഡോക്ടര്‍മാരെ ആക്രമിച്ചതായി പരാതി.
സെന്‍ട്രല്‍ മുംബൈയിലെ നായര്‍ ഹോസ്പിറ്റലിലെ മൂന്ന് റെസിഡന്റ് ഡോക്ടര്‍മാര്‍ക്ക് നേരെയാണ് ഞായറാഴ്ച്ച ആക്രമണം നടന്നത്. ഗുരുതരാവസ്ഥയിലായിരുന്ന രാജ്കിഷോര്‍ ദീക്ഷിത് (50) എന്ന രോഗി ചികിത്സയ്ക്കിടെ മരിച്ചതോടെയാണ് ബന്ധുക്കള്‍ അക്രമാസക്തരായത്. രോഗി മരിച്ചതായി ഡോക്ടടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ ബന്ധുക്കള്‍ വാര്‍ഡ് നമ്പര്‍ 23 ലേക്ക് ഇരച്ചുകയറുകയായിരുന്നു. ഡോക്ടര്‍മാരെ അധിക്ഷേപിച്ച് സംസാരിച്ച ഇവര്‍ പിന്നീട് കയ്യേറ്റം നടത്തുകയും ചെയ്തു. പിടിച്ചുമാറ്റാനെത്തിയ സുരക്ഷാ ജീവനക്കര്‍ക്ക് നേരെയും രോഗിയുടെ ബന്ധുക്കള്‍ ആക്രമണം നടത്തി. ആശുപത്രി ഉപകരണങ്ങള്‍ ഇവര്‍ കേട് വരുത്തിയതായും അധികൃതര്‍ അറിയിച്ചു.
പരിക്കേറ്റ ഡോക്ടര്‍മാരും സ്റ്റാഫും സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍ന്ന് അഗ്രിപാഡ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 353, 332, 504, 34 വകുപ്പ് പ്രകാരവും മഹാരാഷ്ട്ര മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ആക്ടിന്റെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും അക്രമകാരികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം, ആക്രമണത്തെ മഹാരാഷ്ട്ര അസോസിയേഷന് ഓഫ് റെസിഡന്റ് ഡോക്ടര്‍മാര്‍ (MARD) അപലപിച്ചു. വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ കാരണം തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും സംഘടന പ്രസ്താവനയില്‍ പറയുന്നു. നിലവിലുള്ള ഡോക്ടര്‍മാരുടെ സംരക്ഷണ നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും ജനക്കൂട്ടത്തെ തടയുന്നതിനെതിരെ കര്‍ശന മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും എംഎആര്‍ഡി ആവശ്യപ്പെട്ടു.
Post Your Comments