ന്യൂഡല്‍ഹി : ദേശീയ ചാനലായ സീ ന്യൂസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് രജിസ്റ്റര്‍ ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മോയ്ത്ര. പാര്‍ലമെന്റില്‍ മഹുവ നടത്തിയ കന്നിപ്രഭാഷണത്തിന്റെ ഉള്ളടക്കം മോഷണമാണെന്ന് സീ ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.
ഇതിനെതിരെയാണ് നിയമ നടപടിയുമായി മഹുവ രംഗത്തുവന്നിരിക്കുന്നത്. മഹുവയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് 20 ന് മെട്രോപോളിറ്റര്‍ മജിസ്‌ട്രേറ്റ് പരിഗണിക്കും. മഹുവയുടെ മൊഴി അന്ന് രേഖപ്പെടുത്തും.
പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ നിന്ന് ലോക്സഭയിലെത്തിയ മഹുവ മോയ്ത്രയുടെ കന്നി പാര്‍ലമെന്റ് പ്രസംഗം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഫാഷിസത്തിന്റെ ഏഴ് അടയാളങ്ങള്‍ എണ്ണിപ്പറഞ്ഞ അവര്‍ ഇന്ത്യയില്‍ ഫാഷിസം വളരുകയാണെന്നും ആരോപിച്ചു. ഇന്ത്യ ആരുടെയും പിതാവിന്റെ വകയല്ലെന്നു പറഞ്ഞാണ് അവര്‍ പ്രസംഗം അവസാനിപ്പിച്ചത്.
മഹുവ മോയ്ത്രയുടെ പ്രസംഗത്തിലെ വരികള്‍, 2017-ല്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ ഒരു അമേരിക്കന്‍ വെബ്സൈറ്റില്‍ നിന്ന് കോപ്പിയടിച്ചതാണെന്നായിരുന്നു സീ ന്യൂസിലെ തന്റെ പ്രോഗ്രാമില്‍ സുധീര്‍ ചൗധരിയുടെ ആരോപണം.
യു.എസ് ഹോളോകോസ്റ്റ് മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററിലാണ് ‘ഫാസിസത്തിന്റെ അടയാളങ്ങള്‍’ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഉദ്ധരിച്ചു കൊണ്ടുള്ളതായിരുന്നു ലോംഗ്മാന്റെ ലേഖനം. യു.എസ് ഹോളോകോസ്റ്റ് മ്യൂസിയത്തെ പേരെടുത്തു പറഞ്ഞു കൊണ്ടാണ് മഹുവയും പ്രസംഗിച്ചത്. മഹുവ തന്റെ ലേഖനത്തില്‍ നിന്ന് കോപ്പയടിച്ചിട്ടില്ലെന്ന് മാര്‍ട്ടിന്‍ ലോംഗ്മാന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
Post Your Comments