തിരുവനന്തപുരം•പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്‍റെ ഭാഗമായി ഹൈടെക്കാക്കുന്ന കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പൊതു സമൂഹത്തിന്റെ പിന്തുണ തേടി കഴക്കൂട്ടം എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേതൃത്വം നല്‍കിയ ക്യാമ്പയിനില്‍ ഒരു മണിക്കൂറിനുള്ളില്‍ ശേഖരിക്കാനായത് 11 ലക്ഷം രൂപയും, 30 മേശയും 100 കസേരയും. കഴക്കൂട്ടത്തെ വ്യാപാരികളും, സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുമാണ് സഹായവുമായി മുന്നോട്ട് വന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം സ്കൂള്‍ വികസന സമിതിയംഗങ്ങള്‍ കഴക്കൂട്ടത്ത് നടത്തിയ ക്യാമ്പയിനിലാണ് സഹായപ്രവാഹമുണ്ടായത്. സ്കൂള്‍ വികസന ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന കഴക്കൂട്ടം ഹയര്‍ സെക്കന്‍ഡറി സ്കൂളിന് കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനായി 5.5 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. പുതിയതും നവീകരിക്കുന്നതുമായ കെട്ടിടങ്ങള്‍, ലാബുകള്‍, ഹൈടെക്ക് ക്ലാസ് മുറികള്‍, ലൈബ്രറി, ടോയിലറ്റ് ബ്ലോക്ക് തുടങ്ങിയവ ഇതിന്‍റെ ഭാഗമായി നിര്‍മ്മിക്കുന്നുണ്ട്. ഒന്നാം ഘട്ടം എന്ന നിലയില്‍ പ്രൈമറി ക്ലാസ് നടക്കുന്ന ശ്രീനാരായണഗുരു ബ്ലോക്കില്‍ ഒരു നില ക്ലാസ് മുറികള്‍ പുതുതായി പണിത് സ്കൂളിന് സമര്‍പ്പിച്ചിരുന്നു. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളുള്ള കുമാരനാശാന്‍ ബ്ലോക്കില്‍ എട്ട് ക്ലാസ് മുറികള്‍ അധികം നിര്‍മ്മിച്ചു. നിലവിലെ ഫ്ലോറുകള്‍ ടൈലുകള്‍ പാകി നവീകരിച്ചു. പുതുതായി നിര്‍മിച്ച ചട്ടമ്പിസ്വാമി ബ്ലോക്കില്‍ ക്ലാസ് മുറികളും കിച്ചണും, ഡയനിംഗ് ഹാളും ടോയിലറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ക്യാമ്പയിനിലൂടെ ലഭിച്ച 30 മേശയും 100 കസേരകളും ഈ ഡൈനിംഗ് ഹാളില്‍ സജ്ജീകരിക്കും. ഒരു ആധുനിക അടുക്കളയും സ്ഥാപിക്കും. നിലവിലുണ്ടായിരുന്ന രാമാനുജന്‍, അയ്യന്‍കാളി ബ്ലോക്കുകളും നവീകരിച്ചു. മനോഹരമായ ഒരു ഓപ്പണ്‍ സ്റ്റേജ് പുതുതായി നിര്‍മ്മിച്ചു. സ്റ്റേജിന് മുകളിലായി 2 ക്ലാസ് മുറികളും നിര്‍മ്മിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പ്രധാന ഇരുനില കെട്ടിടമായ സി.വി രാമന്‍ ബ്ലോക്കിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ഉദ്ഘാടനത്തിന് കാത്തു നില്‍ക്കാതെ പൂര്‍ത്തിയായ കെട്ടിടങ്ങളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.
സര്‍ക്കാര്‍ സഹായത്തിന് പുറമേ അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്കൂളിനെ ഉയര്‍ത്തുന്നതിന് ഒരു ചില്‍ഡ്രന്‍സ് പാര്‍ക്ക്, വിറകടുപ്പ് പുര, വോളിബോള്‍, ബാസ്കറ്റ് ബോള്‍, ബാഡ് മിന്‍റണ്‍ കോര്‍ട്ടുകള്‍, ചുറ്റുമതില്‍, ഗേറ്റ്, സെക്യൂരിറ്റി ക്യാബിന്‍, ബയോഗ്യാസ് പ്ലാന്റ്, ഫര്‍ണീച്ചറുകള്‍ എന്നിവ കൂടി ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബഹുജന പങ്കാളിത്തത്തോടെ ഈ പ്രവര്‍ത്തികള്‍ കൂടി പൂര്‍ത്തിയാകുമ്പോള്‍ ഐറ്റി നഗരമായി വികസിക്കുന്ന കഴക്കൂട്ടത്തിന് അഭിമാനിക്കാവുന്ന ഹൈടെക് സ്കൂളായി കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാറും. ഇതുവരെ പൂര്‍ത്തിയാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ട ഉദ്ഘാടനം ഇന്ന് (ജൂലൈ 16) ഉച്ചയ്ക്ക് 2 മണിക്ക് ബഹു. സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. വികസന സമിതിയുടെ ക്യാമ്പയിനില്‍ കഴക്കൂട്ടം വില്ലേജ് ആഫീസര്‍ ആര്‍. അജയ ഘോഷ്, വികസന സമിതി അംഗങ്ങളായ ബിജു.എസ്.എസ്, ഹക്കിം, ആര്‍.ശ്രീകുമാര്‍, പി.റ്റി.എ പ്രസിഡന്‍റ് ജെ. അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments