ന്യൂഡല്‍ഹി: മ്യാന്‍മറിലെ രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കായി ഇന്ത്യ 250 വീട് നിര്‍മിച്ചുനല്‍കും. രോഹിന്‍ഗ്യകളെ തുടച്ചുനീക്കാനുള്ള മ്യാന്‍മര്‍ സേനയുടെ നടപടിയെ തുടര്‍ന്ന് ഏഴുലക്ഷം രോഹിന്‍ഗ്യകള്‍ വീടുനഷ്ടപ്പെട്ട് അഭയാര്‍ഥികളായി കഴിയുകയാണ്.
തിരികെയെത്തുന്നവര്‍ക്കായി പ്രീ ഫാബ്രിക്കേറ്റഡ് (കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കാനാകുംവിധം നിര്‍മിച്ച) വീടുകളാണ് കൈമാറുക. 40 ചതുരശ്രമീറ്റര്‍ ഉള്ള വീടാണ് ഇവ. ഭൂമികുലുക്കം, ചുഴലിക്കാറ്റ് പോലുള്ളവയെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍.
ജൂലൈ ഒമ്പതിന് മ്യാന്‍മറിലെ ഇന്ത്യന്‍ അംബാസഡര്‍ സൗരഭ്കുമാര്‍ 250 വീടുകള്‍ മ്യാന്‍മര്‍ അധികൃതര്‍ക്ക് കൈമാറി. അഭയാര്‍ഥികള്‍ തിരികെയെത്തുന്ന മുറയ്ക്ക് അവര്‍ക്ക് വീടുകള്‍ കൈമാറും. രോഹിന്‍ഗ്യന്‍ മുസ്ലിങ്ങള്‍ക്കുനേരെ വംശീയ കൂട്ടക്കൊലയും കൂട്ടബലാത്സംഗം അടക്കമുള്ള അതിക്രമങ്ങളും നടന്ന ഷെസര്‍, കെയ്ന്‍ ചോങ് ടോങ്, നാന്‍ തര്‍ ടോങ് എന്നീ മേഖലകളിലായാണ് വീടുകള്‍ നിര്‍മിച്ചത്.
10 കോടി രൂപയാണ് ചെലവഴിച്ചത്. എന്നാല്‍, മേഖലയിലെ രോഹിന്‍ഗ്യകളുടെ തിരിച്ചുവരവ് സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്. കരാര്‍പ്രകാരം ഇന്ത്യയുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കേണ്ട 21 പദ്ധതികളുടെ വിശദാംശങ്ങളും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൈമാറി. സ്‌കൂള്‍ കെട്ടിടംമുതല്‍ കലുങ്ക് നിര്‍മാണംവരെ ഇതില്‍ പെടും.
പ്രാദേശികഗ്രൂപ്പായ അരാക്കന്‍ രോഹിന്‍ഗ്യന്‍ സാല്‍വേഷന്‍ ആര്‍മി(എആര്‍എസ്എ)യുടെ നേതൃത്വത്തില്‍ 2017ല്‍ നടന്ന പൊലീസ് സ്‌റ്റേഷന്‍ ആക്രമണങ്ങളുടെപേരിലാണ് രോഹിന്‍ഗ്യകള്‍ക്കെതിരെ ആക്രമണമഴിച്ചുവിട്ടത്. തിരിച്ചടിയെന്നപേരില്‍ വിവരണാതീതമായ ക്രൂരതയാണ് രോഹിന്‍ഗ്യന്‍ ജനത അനുഭവിക്കേണ്ടിവന്നത്. ഗത്യന്തരമില്ലാതെ ഏഴുലക്ഷംപേരാണ് പലായനം ചെയ്തത്.
Post Your Comments