രണ്ടുവർഷത്തിനകം ആറ് ലക്ഷം ഗാർഹിക ഉടമകൾക്ക് പുതുതായി കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ തീരുമാനം. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ കേരള ജലഅതോറിട്ടിയുടെ ത്രൈമാസ അവലോകന യോഗത്തിലാണ് തീരുമാനം. ഓരോ വർഷവും മൂന്ന് ലക്ഷം കണക്ഷനുകൾ നൽകാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 22 ലക്ഷം ഗാർഹിക കണക്ഷനുകളാണ് ജല അതോറിട്ടി നൽകിയിട്ടുള്ളത്. നടപ്പ് സാമ്പത്തികവർഷത്തിലെ ആദ്യപാദത്തിൽ 54,769 കണക്ഷനുകൾ നൽകിക്കഴിഞ്ഞു. 51,102 ഗാർഹിക കണക്ഷനുകളും 3,016 ഗാർഹികേതര കണക്ഷനുകളുമാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ നൽകിയത്. 30 വ്യവസായ സ്ഥാപനങ്ങൾക്കും ഈ കാലയളവിൽ കണക്ഷൻ നൽകിയിട്ടുണ്ട്.
അടുത്ത 10 മാസംകൊണ്ട് സിഎംഡിആർഎഫ് ഫണ്ട് ഉപയോഗിച്ച് 55,000 കണക്ഷനുകൾ നൽകാനും യോഗത്തിൽ തീരുമാനമായി. ഇത് പൂർണമായും സൗജന്യമായാണ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുക. ഓരോ കണക്ഷനും 15,000 രൂപയുടെ ചെലവ് വരുമെന്ന് കണക്കാക്കുന്നു. ജലഅതോറിട്ടി അസിസ്റ്റന്റ് എൻജിനീയർ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അസിസ്റ്റന്റ് എൻജിനീയർ, വില്ലേജ് ഓഫീസർ എന്നിവരടങ്ങുന്ന സമിതിയാകും ഓരോ പ്രദേശത്തേയും ഗുണഭോക്താക്കളെ കണ്ടെത്തുക. വെള്ളപ്പൊക്ക ബാധിതമായി പ്രഖ്യാപിക്കപ്പെട്ട ഏഴ് ജില്ലകൾക്കാണ് ഇതിൽ പ്രഥമ പരിഗണന.
ആറ് ലക്ഷം പുതിയ കണക്ഷൻ നൽകുമ്പോൾ കുടിവെള്ളം ലോറികളിൽ എത്തിക്കേണ്ടിവരുന്ന പ്രദേശങ്ങൾക്ക് മുൻഗണന നൽകണമെന്ന് യോഗത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശിച്ചു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും കുടിവെള്ളം ലഭ്യമാക്കേണ്ട പ്രദേശങ്ങളുടെ കണക്കെടുക്കും. ഇവിടങ്ങളിൽ 50 ശതമാനം ഫണ്ട് ജലഅതോറിട്ടി വഹിക്കും. ബാക്കി തുക പഞ്ചായത്ത് ഫണ്ട്, എംഎൽഎ ഫണ്ട്, എംപി. ഫണ്ട് തുടങ്ങിയവയിൽനിന്നും ലഭ്യമാക്കണം. കൂടുതൽ ആവശ്യമുള്ള പ്രദേശങ്ങൾക്കാവും മുൻഗണന.
ജലഅതോറിട്ടിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികളും യോഗം ചർച്ച ചെയ്തു. 25.4 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാണ് ഇപ്പോൾ സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഏഴ് ഏക്കർ അതോറിട്ടിക്ക് കീഴിലുള്ളതാണ്. 36 ഏക്കർ ഇറിഗേഷൻ വകുപ്പിൽനിന്നും ഏറ്റെടുക്കേണ്ടതുണ്ട്. ജലഅതോറിട്ടി സ്വന്തം കാലിൽ നിൽക്കുന്നതിന് പര്യാപ്തമായ നടപടികൾ ഉണ്ടാവണമെന്ന് മന്ത്രി നിർദേശിച്ചു. ഓരോ ഡിവിഷനുകളും സ്വയം പര്യാപ്തമാകുന്നതിന് കൂടുതൽ പദ്ധതികൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
1000 കോടിയുടെ പദ്ധതി നിർവഹണം നടപ്പ്വർഷംതന്നെ കിഫ്ബി മുഖേന പൂർത്തിയാക്കും. ആകെ 1257.10 കോടി ചെലവ് വരുന്ന 23 പദ്ധതികൾക്കാണ് കിഫ്ബി 2016-17 ൽ അംഗീകാരം നൽകിയത്. ഇതിൽ 22 പദ്ധതികളും ടെൻഡർ നടപടികളിൽ എത്തിക്കഴിഞ്ഞു. അതിൽ 12 എണ്ണത്തിന്റെ നിർമാണം 80 ശതമാനം പിന്നിട്ടു. ഇതിൽ ആറെണ്ണം പൂർത്തീകരണത്തിന്റെ അവസാനഘട്ടത്തിലാണ്. സോഫ്ട്വെയർ സംവിധാനം നടപ്പാക്കി ജല അതോറിട്ടിയുടെ പ്രവർത്തനവും കാര്യക്ഷമതയും ഉറപ്പുവരുത്തും. ഓഫീസുകളുടെ പ്രവർത്തനം സുതാര്യമാക്കും. എല്ലാ അസിസ്റ്റന്റ് എൻജിനീയർമാരുടെയും പരിധിക്ക് കീഴിലുള്ള പ്രദേശത്ത് ഉണ്ടാകുന്ന പൈപ്പ് പൊട്ടലുകളുടെ കണക്ക് തയ്യാറാക്കും. പൊട്ടിയ പൈപ്പ് പരിഹരിച്ച സമയവേഗതയും പൈപ്പ് പൊട്ടലിന്റെ എണ്ണക്കുറവുമെല്ലാം അസിസ്റ്റന്റ് എൻജിനീയർമാരുടെ പ്രവർത്തനമികവ് കണക്കാക്കുന്നതിന്റെ ഭാഗമാക്കും. മികവ് പ്രകടിപ്പിക്കുന്നവർക്ക് വകുപ്പുതല പ്രോത്സാഹനം നൽകുന്നതും പരിഗണനയിലുണ്ട്.
Post Your Comments