തൃശൂര്‍: കോള്‍ ബേര്‍ഡേര്‍സ്, സൊസൈറ്റി ഫോര്‍ ഓഡോണെറ്റ് സ്റ്റഡീസ് എന്നീ സംഘടനകള്‍ കേരള കാര്‍ഷിക സര്‍വകലാശാലയും കേരള വനംവകുപ്പുമായി ചേര്‍ന്ന് തൃശൂര്‍– -മലപ്പുറം ജില്ലകളിലെ കോള്‍ നിലങ്ങളില്‍ നടത്തിയ സര്‍വേയില്‍ 34 ഇനം തുമ്പികളെ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടത്തിയ ആദ്യ സര്‍വേയില്‍ 31 ഇനത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കണ്ട തുമ്പികളിലെ അഞ്ച് ഇനങ്ങളെ ഇത്തവണ കാണാനായില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു എട്ട് ഇനങ്ങളെ പുതിയതായി കാണാനും കഴിഞ്ഞു.
വിവിധയിനം തുമ്പികള്‍ ജലജീവിതം വെടിഞ്ഞു പറന്നുനടക്കുന്ന കാലങ്ങളിലെ വ്യത്യാസമാണ് ഇതിന് കാരണമായി ഗവേഷകര്‍ അനുമാനിക്കുന്നത്. ഇത്തവണ മണ്‍സൂണ്‍ മഴ കുറഞ്ഞതും തുമ്പികളെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ കരുതുന്നത്. മരതക രാജന്‍(അനക്‌സ് ഗുട്ടാട്ടുസ്), നീലച്ചുട്ടി(ഏഷ്യഗ്രിയോണ്‍ ഓക്‌സിദന്താലേ), പുള്ളിവാലന്‍ തുമ്പി(പൊട്ടാമാര്‍ച്ച കോന്‍ഗ്‌നര്‍),ചോരവാലന്‍ തുമ്പി( ലാത്രേസിസ്റ്റ ഏഷ്യാറ്റിക്ക), കാട്ടു പുല്‍ചിന്നന്‍ (അഗ്രിയോക്‌നിമിസ് സ്‌പ്ലെന്‍ഡിഡിസ്മ) ), മതില്‍ത്തുമ്പി (ബ്രാഡിനോപൈഗ ജെമിനാറ്റ), കരിംപച്ച ചതുപ്പന്‍ (സെറിയാഗ്രിയോണ്‍ ഒലിവാക്വം), മഞ്ഞപ്പുല്‍ മാണിക്യന്‍ (ഇഷ്‌നൂറാ റുബീലിയോ) എന്നിവയാണ് കോളിലെ തുമ്പികളിലെ പുതുമുഖങ്ങള്‍.
Post Your Comments