റാസല്‍ഖൈമ: ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ രഹസ്യമായി പരിശോധിച്ച യുവതിക്കെതിരെ കേസ്. അനുമതിയില്ലാതെ തന്റെ ഫോണ്‍ പരിശോധിച്ചതുവഴി സ്വകാര്യത ലംഘിച്ചെന്ന് കാണിച്ചാണ് ഭര്‍ത്താവ് പരാതിപ്പെട്ടിരിക്കുന്നത്. ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടെത്താനാണ് യുവതി മൊബൈല്‍ ഫോണ്‍ പരിശോധിച്ചത്. ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ച കാര്യം ഭാര്യ കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്നും അവരുമായി എപ്പോഴും ഫോണില്‍ സംസാരിക്കുകയും മെസേജുകള്‍ അയക്കുകയും ചെയ്യാറുണ്ടെന്നും ഇത് കണ്ടെത്താനാണ് താന്‍ ഫോണ്‍ പരിശോധിച്ചതെന്നും ഭാര്യ പറഞ്ഞു. എന്നാല്‍ സ്വകാര്യത ലംഘിച്ച കുറ്റത്തിന് ഫെഡറല്‍ നിയമപ്രകാരം ഇവര്‍ക്ക് ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. യുഎഇ നിയമപ്രകാരം സ്വകാര്യതാ ലംഘനം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
അജ്ഞാതയായ ഒരു സ്ത്രീയുമായി ഭര്‍ത്താവിനുള്ള അവിഹിതബന്ധമാണ് ഫോണ്‍ പരിശോധിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ യുവതി പൊലീസിനോടും പ്രോസിക്യൂഷന്‍ അധികൃതരോടും പറഞ്ഞിരുന്നു. അതേസമയം, ദാമ്പത്യജീവിതം സന്തോഷകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ വര്‍ഷങ്ങളോളം യുവതി ശ്രമിച്ചെങ്കിലും ഭര്‍ത്താവ് അവരെ വഞ്ചിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ആരെയും ഉപദ്രവിക്കാന്‍ താന്‍ ലക്ഷ്യമിട്ടിരുന്നില്ലെന്ന് യുവതി പറയുന്നു. ഒരിക്കല്‍ ഭര്‍ത്താവ് തന്നെ യുവതിക്ക് തന്റെ ഫോണ്‍ പരിശോധിക്കാനായി നല്‍കിയിരുന്നു. എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ അന്ന് അത് ചെയ്തില്ല. പിന്നീട് ഭര്‍ത്താവിനെ ഒരു സ്ത്രീ സ്ഥിരമായി വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണ് രഹസ്യമായി ഫോണ്‍ പരിശോധിക്കാന്‍ തീരുമാനിച്ചതെന്നും യുവതി പറയുന്നു. അജ്ഞാതയായ ഒരു സ്ത്രീ ഭര്‍ത്താവിന് മാന്യമല്ലാത്ത തരത്തിലുള്ള സന്ദേശങ്ങളും ഇമോജികളും അയച്ചതായി കണ്ടെത്തിയെന്നും ഇരുവരും പരസ്പരം ഇഷ്ടത്തിലായിരുന്നെന്ന് മനസിലായതായും അഭിഭാഷകന്‍ പറഞ്ഞു.
യുവതിക്ക് മറ്റ് ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ നടത്തിയ അഞ്ച് കൗണ്‍സിലിംഗുകളിലും തങ്ങളുടെ മറ്റ് കുടുംബപ്രശ്‌നങ്ങളൊന്നും യുവതി ഉന്നയിച്ചില്ലെന്നും അഭിഭാഷകന്‍ പറയുന്നു. എന്നാല്‍ ഭര്‍ത്താവ് ഒരുതരത്തിലും വഴങ്ങാതെ വന്നപ്പോഴാണ് അയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് പകര്‍ത്തിയ സന്ദേശങ്ങള്‍ കേസ് രേഖകള്‍ക്കൊപ്പം കൂട്ടിച്ചേര്‍ത്തതെന്നും അഭിഭാഷകന്‍ പറഞ്ഞു.
Post Your Comments