കോഴിക്കോട്: രാജ്യത്തെ ആദ്യത്തെ വനിതാമാള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോഴിക്കോട് ആരംഭിച്ച മാളിന്റെ പ്രവര്‍ത്തനമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സാധനം വാങ്ങാന്‍ ആളില്ലെന്നതാണ് മാളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കുന്നത്. ആളുകള്‍ എത്താതിനെ തുടര്‍ന്ന് മാളില്‍ പ്രവര്‍ത്തനം ആരംഭിച്ച പതിനാറോളം കടകള്‍ അടച്ചുപൂട്ടി. ഇതിനെതുടര്‍ന്ന് സംരംഭകരില്‍ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പ്രവര്‍ത്തനമാരംഭിച്ച് എട്ടുമാസം പിന്നിടുമ്പോഴാണ് കോഴിക്കോട് ആരംഭിച്ച മഹിളാ മാള്‍ പ്രതിസന്ധിക്ക് നടുവില്‍ നില്‍ക്കുന്നത്.
ലോകത്തിനാകെ മാതൃകയെന്ന വിശേഷണത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത സംരഭമാണ് വനിതാ മാള്‍. അഞ്ച് കോടി രൂപ ചെലവിട്ട് അഞ്ച് നിലകളിലായാണ് മാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മാളിന്റെ പ്രവര്‍ത്തനം ആദ്യ ഘട്ടത്തില്‍ മെച്ചപ്പട്ട രീതിയിലായിരുന്നു. 76 കടകളുള്ള ഇതില്‍ ഏറിയ പങ്കും നടത്തിയത് കുടുംബശ്രീ പ്രവര്‍ത്തകര്‍ ആയിരുന്നു. എന്നാല്‍ രണ്ടു മാസത്തിനകം സ്ഥിതി മാറാന്‍ തുടങ്ങി. കച്ചവടം കുത്തനെ കുറഞ്ഞതോടെ കട പലരും അടച്ചു.
ഉപഭോക്താക്കളെ ആകര്‍ക്കാനുളള പ്രചാരണ പരിപാടികള്‍ ഇല്ലാതിരുന്നതാണ് മാളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായത്. ഉപഭോക്താക്കളെ മാളിലേക്ക് എത്തിക്കുന്നതിനായി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. നിലവില്‍ വാടക കൊടുക്കാന്‍ കടം വാങ്ങേണ്ട സ്ഥിതിയിലാണ് സംരംഭകരെന്നും മഹിളാ മാള്‍ ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു. കടകളുടെ പ്രവര്‍ത്തന രീതിയിലും അപാകത ഉണ്ടായതായും സമിതി ആരോപിച്ചു. അതേസമയം, പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മഹിളാ മാളിന് സംസ്ഥാന കുടുംബശ്രീ മിഷന്‍ മൂന്നര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ പ്രശ്‌നം പഠിക്കാനായി കുടുംബശ്രീ മിഷനും കോര്‍പ്പറേഷനും ഓരോ സമിതിയെയും നിയോഗിച്ചു.
Post Your Comments