വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ ഉപദേശകരായ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിനല്‍കിയ കേസില്‍ ഫെയ്‌സ്ബുക്കിന് 34,280 കോടി രൂപ (500 കോടി അമേരിക്കന്‍ ഡോളര്‍) പിഴ. അമേരിക്കയിലെ ഉപഭോക്തൃ സംരക്ഷണ ഏജന്‍സിയായ ഫെഡറല്‍ ട്രേഡ് കമീഷനാ (എഫ്ടിസി)ണ് പിഴ വിധിച്ചത്. 8.7 കോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരം അനധികൃതമായി ചോര്‍ത്തിയതായി കമീഷന്‍ കണ്ടെത്തി.
എഫ്ടിസി ചുമത്തുന്ന ചരിത്രത്തിലെ ഏറ്റവും വലിയ പിഴത്തുകയാണിത്. പിഴ ഈടാക്കാനുള്ള തീരുമാനം 32 വോട്ടിനാണ് പാസാക്കിയത്. റിപ്പബ്ലിക്കന്‍ അനുകൂല കമീഷണര്‍മാര്‍ അനുകൂലിച്ചപ്പോള്‍ ഡെമോക്രാറ്റുകള്‍ എതിര്‍ത്തു. പിഴത്തുകയില്‍ നീതിന്യായവകുപ്പാണ് അന്തിമതീരുമാനം എടുക്കേണ്ടത്. എന്നാല്‍, മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് സംബന്ധിച്ച് എഫ്ബിയും എഫ്ടിസിയും പ്രതികരിച്ചില്ല.
സമ്മതമില്ലാതെ ഉപയോക്താവിന്റെ വിവരം ശേഖരിക്കരുതെന്ന 2011ലെ കരാറിലെ നിബന്ധന ഫെയ്‌സ്ബുക്ക് തെറ്റിച്ചിട്ടുണ്ടോ എന്നതില്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ചോര്‍ത്തിയ വിവരങ്ങള്‍വച്ച് ഉപയോക്താക്കളെ മനഃശാസ്ത്രപരമായി പഠിച്ച് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത് വിവാദമായി. കുറ്റം സമ്മതിച്ച ഫെയ്‌സ്ബുക്ക് ഇതേ തുക പിഴ ലഭിക്കാനാണ് സാധ്യതയെന്ന് നേരത്തെ പറയുകയും സാമ്പത്തികമായ തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തിരുന്നു. പ്രതീക്ഷിച്ചതില്‍ കൂടുതല്‍ പിഴ ഇല്ലാത്തതിനാല്‍ ഫെയ്‌സ്ബുക്കിന്റെ ഓഹരിയില്‍ 1.8 ശതമാനം വര്‍ധനയുണ്ടായി. ഒക്‌ടോബറില്‍ സ്വകാര്യതയില്‍ വീഴ്ച വരുത്തിയതിന് ബ്രിട്ടന്‍ അഞ്ച് ലക്ഷം യൂറോ (മൂന്നു കോടിരൂപ) പിഴ ചുമത്തിയിരുന്നു.
Post Your Comments