ലഖ്‌നൗ: ദീര്‍ഘദൂര സര്‍വീസിനിടയില്‍ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നത് വലിയ ദുരന്തമായിരിക്കും സൃഷ്ടിക്കുക. എന്നാല്‍ ഇത് ഒഴിവാക്കാന്‍ പുതിയ നടപടി സ്വീകരിക്കുകയാണ് യുപി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍. ബസുകളില്‍ പ്രത്യേക സെന്‍സറുകള്‍ ഘടിപ്പിച്ച ഉപകരണങ്ങള്‍ ഘടിപ്പിക്കാനാണ് യുപിഎസ്ആര്‍ടിസിയുടെ നീക്കം.
ഡ്രൈവിംഗ് സമയത്ത് ഉറക്കം വരുന്ന ഡ്രൈവറെ ബീപ്പ് ശബ്ദവും ചുവന്ന വെളിച്ചം തെളിയിച്ചും ഈ ഉപകരണം ഉണര്‍ത്തും. തുടര്‍ന്ന് വണ്ടിയുടെ വേഗത കുറയുകയും എമര്‍ജന്‍സി ബ്രേക്ക് വഴി വണ്ടി നില്‍ക്കുകയും ചെയ്യും. യമുന എക്സ്പ്രസ് ഹൈവേയില്‍ വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍മാര്‍ ഉറങ്ങി അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്ന് യുപിഎസ്ആര്‍ടിസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇസ്രായേല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂനെ ആസ്ഥാനമായുള്ള കമ്പനിയാണ് ഇത് നിര്‍മ്മിക്കുന്നത്. ഓരോ ഉപകരണത്തിനും ഏകദേശം 40,000 രൂപയാണ് വില.
ഒരു പൈലറ്റ് പ്രോജക്റ്റ് എന്ന നിലയില്‍, ലഖ്‌നൗ-നേപ്പല്‍ഗഞ്ച് റൂട്ടിലെ രണ്ട് ബസുകളിലും ലഖ്‌നൗ-ഗോരഖ്പൂര്‍ റൂട്ടിലെ മറ്റ് രണ്ട് ബസുകളിലും ഈ ഉപകരണം ഘടിപ്പിച്ചിരുന്നു. മികച്ച ഫീഡ്ബാക്ക് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്ന് സംസ്ഥാനസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഡാഷ്‌ബോര്‍ഡിലാണ് ഈ ഉപകരണം ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. ഉറക്കം കാരണം സ്റ്റിയറിംഗ് വീലില്‍ നിയന്ത്രണം ഇല്ലാതായാല്‍ ബീപ്പ് ശബ്ദവും റെഡ് ലൈറ്റ് മുന്നറിയിപ്പും നല്‍കി ഡ്രൈവറെ ഉണര്‍ത്തും. എന്നാല്‍ ഇതിനോട് ഡ്രൈവര്‍ പ്രതികരിച്ചില്ലെങ്കില്‍ ഉപകരണം യാന്ത്രികമായി ബ്രേക്കിടും. അമിതവേഗതയിലും ഓവര്‍ടേക്കിംഗിലും അശ്രദ്ധ വന്നാലും ഈ ഉപകരണം മുന്നറിയിപ്പ് നല്‍കുമെന്നും യുപിഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു.
Post Your Comments