തിരുവനന്തപുരം: വായ്പ കുടിശ്ശിക വരുത്തിയതിന് ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് 4,60,000 രൂപ ഈടാക്കിയശേഷം 50,000രൂപ മാത്രം ബാങ്കിലടച്ച കെ.എസ്.ആര്‍.ടി.സിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്. പരാതിയെക്കുറിച്ച് മാനേജിങ് ഡയറക്ടര്‍ വിശദമായി അന്വേഷിച്ച് നാലാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. കെ.എസ്.ആര്‍.ടി.സി.യില്‍ നിന്ന് ജൂണ്‍ 30തിന് വിരമിച്ച ചാര്‍ജ്മാന്‍ എം.എസ് രവികുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.
കേരള സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് സൊസൈറ്റിയില്‍ നിന്ന് മൂന്നുലക്ഷം രൂപയും അനന്തപുരം ബാങ്കില്‍ നിന്ന് ഒരു ലക്ഷവും രവികുമാര്‍ വായ്പയെടുത്തിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് സംഘത്തിലേക്ക് മാസം 15,000 രൂപയും അനന്തപുരം ബാങ്കിന് 5000 രൂപയും രവികുമാറിന്റെ ശമ്പളത്തില്‍ നിന്ന് കോര്‍പ്പറേഷന്‍ ഈടാക്കുകയും ചെയ്തു. മൊത്തം 4.60,000 രൂപയാണ് റിക്കവറി നടത്തിയത്. എന്നാല്‍ ട്രീന്‍സ്‌പോര്‍ട്ട് സൊസൈറ്റിയില്‍ 30,000 രൂപയും അനന്തപുരം ബാങ്കില്‍ 20,000 രൂപയും മാത്രമാണ് കോര്‍പ്പറേഷന്‍ അടച്ചതെന്ന് പരാതിയില്‍ പറയുന്നു.
തുക യഥാസമയം അടയ്ക്കാത്തതിനാല്‍ ബാങ്കുകളുടെ നിയമനടപടിയ്ക്ക് താന്‍ വിധേയനാവുകയാണെന്ന് പരാതിക്കാരന്‍ പറഞ്ഞു. പലവട്ടം കെ.എസ്.ആര്‍.ടി.സി.യെ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇപ്പോള്‍ പലിശയും മുതലും ചേര്‍ത്ത് നല്ലൊരു തുകയാണ് പരാതിക്കാരന്‍ നല്‍കാനുള്ളത്. കൂടാതെ തനിക്ക് ലഭിക്കേണ്ട പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സൊസൈറ്റികള്‍ പിടിച്ചെടുക്കാന്‍ പോവുകയാണെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. മകളുടെ വിവാഹം പോലും നടത്താനാവാത്ത അവസ്ഥയിലാണ് താനെന്നും രവികുമാര്‍ അഭിപ്രായപ്പെട്ടു.
Post Your Comments