പൂച്ചാക്കല്‍: ഹോട്ടലുകളില്‍ തട്ടിക്കൂട്ട് സദ്യയൊരുക്കി സഞ്ചാരികളെ പറ്റിക്കുന്നവര്‍ക്ക് ഇനി പണി കിട്ടും. ഓണസദ്യകളെ തുടച്ചുനീക്കാന്‍ നാട്ടുകാരുമായി കൈകോര്‍ത്തു ടൂറിസം വകുപ്പ് പുതിയ പദ്ധതിക്ക് തുടക്കമിട്ടു. സദ്യയൊരുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ മാസം 25 വരെ പുന്നമടയിലെ ജില്ലാ ടൂറിസം ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യാം. ഓണസമയങ്ങളില്‍ തട്ടിക്കൂട്ട് സദ്യ ഒരുക്കി ജില്ലയിലെത്തുന്ന വിനോദസഞ്ചാരികളുടെ പണം തട്ടിയെടുക്കുന്നുവെന്ന പരാതി പതിവായതോടെയാണു ടൂറിസം വകുപ്പിന്റെ കീഴിലെ ഉത്തരവാദിത്ത മിഷന്‍ ഇടപെടുന്നത്. കഴിഞ്ഞ വര്‍ഷം ഈ പദ്ധതിപ്രകാരം 40 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രളയത്തെത്തുടര്‍ന്നു നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.
രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകള്‍ ജില്ലാടൂറിസം മിഷന്റെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. ഭക്ഷണമുണ്ടാക്കുന്നവര്‍ക്കു പരിശീലനവും ആവശ്യമായ നിര്‍ദേശങ്ങളും നല്‍കുന്നതിനൊപ്പം വിലനിയന്ത്രിക്കാനും സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. വിളമ്പുന്ന വിഭവങ്ങളുടെ പട്ടിക പ്രത്യേകം രേഖപ്പെടുത്തണം, സദ്യയോടൊപ്പം രണ്ടുതരം പായസം നിര്‍ബന്ധമായി നല്‍കണം.
നല്ല ഭക്ഷണവും ശുചിത്വവും നിര്‍ബന്ധമാണ്. ഇവിടങ്ങളില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്താന്‍ സംവിധാനം ഏര്‍പ്പെടുത്തും. മോശം അഭിപ്രായമാണെങ്കില്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും യൂണിറ്റിനെ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനുള്ള സംവിധാനവും ഉണ്ട്.
കുടുംബശ്രീയൂണിറ്റുകള്‍, കേറ്ററിങ് യൂണിറ്റുകള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, വീട്ടില്‍ ഊണ് നല്‍കുന്നവര്‍ തുടങ്ങിയവര്‍ക്ക് പദ്ധതിയില്‍ പങ്കാളികളാകാം. രജിസ്റ്റര്‍ ചെയ്യുന്ന യൂണിറ്റിന്റെ വിവരങ്ങള്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പട്ടിക ഹോട്ടലുകള്‍ക്കും ഹോംസ്റ്റേകള്‍ക്കും കൈമാറും. വിനോദസഞ്ചാരികള്‍ക്ക് കേരളത്തിലെ തനതു ഭക്ഷണം തയാറാക്കി നല്‍കുന്നതിനു സ്ത്രീകള്‍ക്കു പ്രാധാന്യം നല്‍കി ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഈ മാസം ആരംഭിക്കുന്ന ‘എക്‌സ്പീരിയന്‍സ് എത്‌നിക് ക്വിസീന്‍’ പദ്ധതിയുമുണ്ട്. സംസ്ഥാനത്ത് 2000 യൂണിറ്റ് ആരംഭിക്കുന്നതില്‍ ജില്ലയില്‍ ആദ്യഘട്ടത്തില്‍ 300 യൂണിറ്റുകള്‍ തുടങ്ങാനാണു ലക്ഷ്യം. റജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ ഫോട്ടോ, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വെബ് സൈറ്റിലും മൊബൈല്‍ ആപ്പിലും ഉള്‍പ്പെടുത്തും.
Post Your Comments