KeralaLatest NewsIndia

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം: അഖിലിന് അടിയന്തിര ശസ്ത്രക്രിയ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീലാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയത്. സംഘര്‍ത്തിന് വഴിവെച്ചതെന്തന്ന കാരണം പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ നിര്‍ദേശം.നെഞ്ചിനു കുത്തേറ്റ അഖിലിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആന്തരിക രക്തസ്രാവമുള്ളതിനാലാണ് അടിയന്തിര ശസ്ത്രക്രിയ നടത്തുന്നത്.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് ബിഎ വിദ്യാര്‍ത്ഥിയായ അഖിലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതെ സമയം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവം അറിഞ്ഞിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍. കോളേജില്‍ അഡ്മിഷന്‍ നടക്കുകയാണെന്നും സംഘര്‍ഷത്തെക്കുറിച്ച്‌ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ കോളേജ് ക്യാമ്പസില്‍ നിന്ന് പ്രിന്‍സിപ്പല്‍ പുറത്താക്കി. മാധ്യമങ്ങളെ കോളേജിനകത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് യൂണിയന്‍ നേതാക്കളും വിലക്കിയിരുന്നു.

ഇതിനിടെ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം എസ്‌എഫ്‌ഐക്കെതിരെ സമരത്തിനിറങ്ങിയതോടെ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്‌എഫ്‌ഐ യൂണിറ്റ് പിരിച്ചു വിട്ടതായി അഖിലേന്ത്യ അധ്യക്ഷന്‍ വിപി സാനു അറിയിച്ചു. എസ്‌എഫ്‌ഐ ശക്തമായ യൂണിവേഴ്‌സിറ്റി കോളേജ് പോലൊരു സ്ഥലത്ത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. ഇപ്പോഴുണ്ടായ സംഭവങ്ങളില്‍ യൂണിയന്‍ ഭാരവാഹികള്‍ക്ക് പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും.

ഇങ്ങനെയൊരു സംഘര്‍ഷാവസ്ഥ രൂപം കൊള്ളുന്നത് തടയുന്നതില്‍ യൂണിയന്‍ ഭാരവാഹികള്‍ക്ക് വീഴ്ച സംഭവിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിയായി കോളേജ് യൂണിയന്‍ പിരിച്ചു വിടുന്നത്. ഇക്കാര്യത്തിലെ ഭാവി നടപടികള്‍ എസ്‌എഫ്‌ഐ പ്രാദേശിക കമ്മിറ്റികള്‍ സ്വീകരിക്കുമെന്നാണ് സാനു പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button