KeralaNews

തോമസ് ചാണ്ടിയുടെ ലേക്പാലസിന് നികുതി ഇളവ് നല്‍കി പിണറായി സര്‍ക്കാര്‍

 

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ടിന്റെ നികുതി തര്‍ക്കത്തില്‍ ആലപ്പുഴ നഗരസഭയുടെ നിര്‍ദ്ദേശത്തെ വീണ്ടും തള്ളി സര്‍ക്കാര്‍. അനധികൃത നിര്‍മാണങ്ങള്‍ക്ക് പിഴയും നികുതിയുമായി 1.17 കോടി ഈടാക്കണം എന്ന നഗരസഭാ തീരുമാനമാണ് സര്‍ക്കാര്‍ തള്ളിയത്.

34 ലക്ഷം ഈടാക്കി കെട്ടിടം ക്രമവത്കരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. നഗരസഭാ തിരുമാനത്തില്‍ അന്തിമ ഉത്തരവിന് കോടതിക്കോ തദ്ദേശ ഭരണ ട്രിബ്യൂണലിനോ മാത്രമേ അധികാരമുളളുവെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലേക്ക് പാലസിന് അനുകൂലമായ സര്‍ക്കാരിന്റെ മുന്‍ ഉത്തരവ് നഗരസഭാ കൗണ്‍സില്‍ തളളിയത്.

എന്നാല്‍ കേരള മുനിസിപ്പല്‍ ആക്ട് 233 പ്രകാരം നഗരസഭയുടെ നികുതി നിര്‍ണ്ണയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറി പുതിയ ഉത്തരവിലൂടെ വ്യക്തമാക്കുന്നു. 34 ലക്ഷം രൂപ ഈടാക്കി കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാനുളള അപേക്ഷയില്‍ തീരുമാനമെടുക്കണമെന്നും സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കണമെന്നും ഉത്തരവ് നിര്‍ദ്ദേശിക്കുന്നു. ഇതിന്മേല്‍ കൈക്കൊണ്ട നടപടികള്‍ സര്‍ക്കാരിനെ അറിയിക്കുകയും വേണം.

അനധികൃത നിര്‍മ്മിതികള്‍ക്ക് പരമാവധി മൂന്ന് വര്‍ഷത്തെ പിഴ മാത്രമേ ഈടാക്കാവു എന്നിരിക്കെ നഗരസഭ 19 വര്‍ഷത്തെ പിഴ കണക്കാക്കിയെന്നും അംഗീകരിച്ച പ്ലാനില്‍ നിന്നും അധികരിച്ച അളവിലുളള നിര്‍മ്മിതികളില്‍ അധികമായവയ്ക്ക് മാത്രം പിഴ ചുമത്താമെന്നിരിക്കെ നിര്‍മ്മിതി മുഴുവന്‍ അനധികൃതമെന്ന് നഗരസഭ കണക്കാക്കിയെന്നുമായിരുന്നു നഗരകാര്യ റീജ്യണല്‍ ഡയറക്ടറുടെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് പുതിയ ഉത്തരവിട്ടിട്ടുളളത്. ലേക്ക് പാലസിനു ആദ്യം 2.76 കോടി പിഴയിട്ട നഗരസഭ പിന്നീടിത് 1.17 കോടിയായി കുറയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button