മലപ്പുറം: മന്ത്രി കെ ടി ജലീലിനെതിരെ ബന്ധുനിയമന ആരോപണം കോടതിയില്‍ ചീറ്റിയതിനെ തുടര്‍ന്ന് കേസ് പിന്‍വലിച്ച് തടിയൂരിയ മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് കുപ്രചാരണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും മാപ്പു പറയണമെന്ന ആവശ്യം ശക്തമാകുന്നു. സ്വകാര്യ ചടങ്ങുകളില്‍പോലും പങ്കെടുക്കാന്‍ അനുവദിക്കാതെ മന്ത്രിയെ ലീഗുകാര്‍ തടഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളില്‍ തെറിവിളിയും നിന്ദിക്കലും നുണപ്രചാരണവും നടത്തി. വ്യാജ ആരോപണമുന്നയിച്ച് അണികളെ ജലീലിനെതിരേ തിരിച്ച ഫിറോസും സംഘടനയും പാര്‍ടിക്കുമുണ്ടാക്കിയത് തീരാ കളങ്കം.
കേസ് പിന്‍വലിച്ച് ഫിറോസ് രക്ഷപ്പെട്ടപ്പോള്‍ മന്ത്രിയെ തടയുകയും കല്ലെറിയുകയും ചെയ്ത യൂത്ത് ലീഗുകാര്‍ പലരും കേസുകളില്‍ പ്രതികളാണ്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ടി പി അശോകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പോകവേ മന്ത്രി ജലീലിനെ വഴിയില്‍ തടഞ്ഞത് വിവാദമായിരുന്നു. മലയാള സര്‍വകലാശാലയില്‍ സര്‍ടിഫിക്കറ്റ് വിതരണത്തിനെത്തിയപ്പോള്‍ കല്ലേറുമുണ്ടായി. കുറ്റിപ്പുറത്ത് കരിങ്കൊടി കാട്ടിയതിന് ലീഗുകാര്‍ക്കൊപ്പം പിടിയിലായവരില്‍ ബിജെപി പ്രവര്‍ത്തകനുമുണ്ടായിരുന്നു.
മുസ്‌ലിംലീഗ് വിട്ട് ജലീല്‍ ഇടതുപക്ഷ മതനിരപേക്ഷ ചേരിക്കൊപ്പം ചേര്‍ന്നതുമുതല്‍ ആരംഭിച്ച കുടിപ്പകയും അസഹിഷ്ണുതയും ഇപ്പോഴും തുടരുകയാണ്. സ്വന്തം തട്ടകത്തില്‍ തിരിച്ചടി ഉണ്ടായാല്‍ സമനില തെറ്റിയ മട്ടില്‍ ഭീകരമാകും ലീഗിന്റെ പ്രത്യാക്രമണങ്ങള്‍. മലപ്പുറത്തുനിന്ന് ലീഗല്ലാതെ ജയിച്ച എല്ലാ എംഎല്‍എമാരും ഈ രാഷ്ട്രീയ പകയ്ക്ക് ഇരയായിട്ടുണ്ട്. ഇടതു എംഎല്‍എമാരായ വി അബ്ദുറഹ്മാന്‍, പി വി അന്‍വര്‍ എന്നിവര്‍ക്കെതിരെ തേജോവധം തുടരുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാരെപ്പോലും വെറുതെ വിടാറില്ല.
Post Your Comments