ദുബായ്: 20 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്തിരുന്ന ഇന്ത്യക്കാരിക്ക് 71-ാം വയസ്സില്‍ ഏഴു കോടിയുടെ സമ്മാനം. മുംബൈ സ്വദേശിനി ജയ ഗുപ്തയെയാണ് അവസാനം ഭാഗ്യ ദേവത കടാക്ഷിച്ചത്. ഇവര്‍ ദുബായിയില്‍ സ്വന്തമായി ട്രേഡിംഗ് കമ്പനി നടത്തുകയാണ്. കഴിഞ്ഞ ദിവസത്തെ നറുക്കെടുപ്പിലാണ് ജയക്ക്
10 ലക്ഷം ഡോളറിന്റെ സമ്മാനം ലഭിച്ചത്. അതേസമയം പ്രവാസി ഇന്ത്യക്കാരനായ രവി രാമചന്ദ് ബച്ചാനി എന്നയാള്‍ക്കും നറുക്കെടുപ്പില്‍ ഏഴ് കോടി സമ്മാനം ലഭിച്ചു.
ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോഴെല്ലാം താന്‍ ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്തിരുന്നു. ഇത് ഇരുപത് വര്‍ഷമായി തുടരുകയാണ് അവസാനം കഴിഞ്ഞ മെയ് മാസം 20ന് അസുഖബാധിതയായ അമ്മയെ കാണാന്‍ പൂണെയിലേയ്ക്ക് പോകുമ്പുഴാണ് സമ്മനത്തിനര്‍ഹമായ ടിക്കറ്റ് എടുത്തത്. 303-ാം സീരീസിലെ 0993 -ാം നമ്പര്‍ ടിക്കറ്റിലായിരുന്നു ഏഴ് കോടിയുടെ ഭാഗ്യമെത്തിയത്.
സമ്മാനം ലഭിച്ചപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് ജയ പറഞ്ഞു.അമ്മയ്ക്കു അസുഖമായതിനാല്‍ രണ്ട് മാസത്തിലൊരിക്കല്‍ നാട്ടില്‍ പോകാറുണ്ടെന്നും ആ സമയത്തെല്ലാം ടിക്കറ്റെടുക്കാറുണ്ടെന്നും ജയ പറഞ്ഞു. എന്നെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയോടെയായിരുന്നു ഇത്. പിന്നീട് വിമാനത്തില്‍ കയറുന്നതിന് മുന്‍പ് ടിക്കറ്റെടുക്കുന്നത് ഒരു ശീലമായി മാറി. ചൊവ്വാഴ്ച ഒരു മീറ്റിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സമ്മാനം ലഭിച്ച വിവരം അറിഞ്ഞതെന്നും ഫോണ്‍ വന്നപ്പോള്‍ ആദ്യം ആരോ പറ്റിക്കാന്‍ വിളിച്ചതാണെന്നും കരുതിയതെന്നും ജയ പറഞ്ഞു. പിന്നീട് മുംബൈയിലുള്ള ഭര്‍ത്താവിനെ വിളിച്ച് വിവരം പറഞ്ഞു.
സമ്മാനം ലഭിച്ച കാര്യം അമ്മയെ ഇതുവരെ അറിയിച്ചിട്ടില്ല. ഈ മാസം അവസാനം നാട്ടില്‍ വരുമ്പോള്‍ വിവരം പറയാനിരിക്കുകയാണ്. സമ്മാനം കിട്ടിയാല്‍ ആ പണം ഉപയോഗിച്ച് ബിസിനസ് വിപുലമാക്കണമെന്നായിരുന്നു ടിക്കറ്റെടുത്ത് തുടങ്ങിയ കാലത്തെ ആഗ്രഹം. താന്‍ വലിയ ധനികയല്ല. എന്നാല്‍ ദരിദ്രയുമല്ല. തനിക്ക് ദുബായില്‍ സ്വന്തമായി ബിസിനസുണ്ട്. സന്തോഷകരമായ ജീവിതമായിരുന്നു ഇതുവരെ. കഠിനമായി അധ്വാനിക്കുമ്പോഴും ഒരു ദിനം വിജയിക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. ഇനിയിപ്പോള്‍ കിട്ടുന്ന പണത്തില്‍ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണം. ഇന്ത്യയിലുള്ള തന്റെ രണ്ട് ദത്തുപുത്രിമാര്‍ക്ക് വീടുകള്‍ വാങ്ങണം എന്നൊക്കെയാണ് ആഗ്രഹങ്ങളെന്ന് ജയ പറഞ്ഞു.
അതേസമയം ജയക്കൊപ്പം ഏഴ് കോടി സമ്മാനം ലഭിച്ച രവി രാമചന്ദും കഴിഞ്ഞ് പത്ത് വര്‍ഷത്തോളമായി സ്ഥിരമായി ടിക്കറ്റെടുത്തിരുന്നയാളാണ്.
Post Your Comments