മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെവിഎസ് ഹരിദാസ് എഴുതുന്നു
സ്വന്തം പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ടവര്‍ രാജ്യമെമ്പാടും കോണ്‍ഗ്രസിനെ കൈവിടുകയാണ്. കര്‍ണാടകത്തില്‍ ആരംഭിച്ച ഒഴിഞ്ഞുപോക്ക് കഴിഞ്ഞ ദിവസം ഗോവയിലേക്കും വ്യാപിച്ചു. ഇനി മധ്യപ്രദേശിലും രാജസ്ഥാനിലും എന്താണ് നടക്കുക എന്നാണ് നടക്കുക എന്നതാണ് എല്ലാവരും ചിന്തിക്കുന്നത്. സ്വന്തം പാര്‍ട്ടിയിലുള്ളവരെ കൂടെ ഒന്നിച്ചുനിര്‍ത്താന്‍ കഴിയാത്ത നേതാക്കള്‍ ഇന്നിപ്പോള്‍ ബിജെപിയെ ആക്ഷേപിച്ചുകൊണ്ട് മുഖം രക്ഷിക്കുന്നതിലും വലിയ കാര്യമില്ലെന്ന് എല്ലാവരും മനസിലാക്കുന്നു. പാര്‍ട്ടിക്ക് യുവ നേതൃത്വം വേണമെന്നും അങ്ങിനെയുള്ള ഒരാള്‍ക്കേ പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയു എന്നും ഇന്നിപ്പോള്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും ജ്യോതിരാദിത്യസിന്ധ്യയും പറഞ്ഞത് കോണ്‍ഗ്രസിലെ കടുത്ത പ്രതിസന്ധിയെക്കുറിച്ചുള്ള സൂചന തന്നെയാണ്. അതിനിടയില്‍ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ഇന്ന് വൈകിട്ട് ആറിന് കാണാന്‍ അവസരം നല്‍കാന്‍ സുപ്രീം കോടതി കര്‍ണാടക സ്പീക്കര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്; അവര്‍ രാജിക്കത്ത് നല്‍കിയാല്‍ ഇന്ന് തന്നെ അതിന്മേല്‍ തീരുമാനമെടുക്കണം എന്നും കോടതി ഉത്തരവിട്ടിട്ടുണ്ട് . നാളെ കേസ് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. എന്നാല്‍ സുപ്രീം കോടതി നിര്‍ദ്ദേശം തനിക്ക് ബാധകമല്ലെന്ന നിലപാടിലേക്കാണ് സ്പീക്കര്‍ നീങ്ങുന്നത് എന്നാണ് സൂചനകള്‍ . അതിനൊപ്പമാണ് കോണ്‍ഗ്രസും ജെഡിഎസും മുഖ്യമന്ത്രി കുമാരസ്വാമിയും. അതായത് സുപ്രീം കോടതി വിധി അംഗീകരിക്കാതെ മുന്നോട്ട് പോകാനും കോടതിയില്‍ നേരിടാനുമാണ് ആലോചന എന്നുവേണം കരുതാന്‍.
രാഷ്ട്രീയമായി കോണ്‍ഗ്രസിനും ജെഡിഎസിനും ‘കര്‍ണാടകം’ വലിയ പാഠമാണ്. കൂടെ നില്‍ക്കുന്നവരെ ഒന്നിച്ചു നിര്‍ത്താന്‍ കഴിയാത്ത നേതൃത്വമാണ് അവര്‍ക്കുള്ളതെന്ന് എല്ലാവര്ക്കും ബോധ്യപ്പെട്ടു. ഇത് ഭാവിയില്‍ അവരെ വല്ലാതെ വേട്ടയാടും എന്നതില്‍ സംശയമില്ല. ജെഡിഎസിന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന വിശ്വനാഥ് പോലും ബിജെപിക്കൊപ്പം ചേര്‍ന്നത് ചെറിയ കാര്യമല്ലല്ലോ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റ രാഷ്ട്രീയ കക്ഷികള്‍ നിലനില്‍പ്പ് പ്രശ്‌നമാണ് എന്ന് തിരിച്ചറിഞ്ഞിരുന്നു. അതാണ് ഈ വിധത്തില്‍ ഒരു അവിഹിത സഖ്യത്തിലേക്കും മറ്റും അവരെ നയിച്ചത്. കോണ്‍ഗ്രസ് അക്ഷരാര്‍ഥത്തില്‍ ജെഡിഎസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നുവല്ലോ. ആദ്യം മുതലേ ഭരണം സുഖകരമായിരുന്നില്ല; ഒന്നിച്ചുപോകാന്‍ കഴിയാത്ത അവസ്ഥ രണ്ടുകൂട്ടര്‍ക്കും ഉണ്ടായിരുന്നു. അതിലേറെ ഈ സഖ്യത്തെ ജനങ്ങള്‍ അംഗീകരിച്ചിരുന്നില്ല എന്നതാണ്; അതാണ് ലോകസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. ഒരെണ്ണം ഒഴികെ എല്ലാ സീറ്റുകളും അവിടെ ബിജെപി കരസ്ഥമാക്കിയല്ലോ. അത് കണ്ടിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ പാഠം പഠിച്ചില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഇത്രത്തോളം എംഎല്‍എമാര്‍ ഒന്നിച്ചു പാര്‍ട്ടിവിടാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രതിപക്ഷമാണ്, ബിജെപിയാണ് അതിന് പിന്നില്‍ എന്ന് പറഞ്ഞുവെക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. എന്നാല്‍ കര്‍ണാടകത്തിലെ ജനങ്ങള്‍ അത് അംഗീകരിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല; ചുരുങ്ങിയത് കോണ്‍ഗ്രസുകാരെങ്കിലും അത് വിശ്വസിക്കില്ല.
ഇന്നിപ്പോള്‍ ഉണ്ടായിട്ടുള്ള സുപ്രീം കോടതി വിധി പത്ത് വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ്. അവരുടെ കാര്യത്തിലെ ഇന്ന് തീരുമാനമുണ്ടാവൂ അല്ലെങ്കില്‍ അവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാനേ സ്പീക്കര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുള്ളു എന്നര്‍ത്ഥം. വേറെയും കുറേപ്പേര്‍ രാജിക്കത്ത് കൊടുത്തിട്ടുണ്ട്. ചിലര്‍ നേരില്‍ കണ്ട് തന്നെയാണ് സ്പീക്കര്‍ക്ക് കത്തുനല്‍കിയത്. അതൊന്നും സ്പീക്കര്‍ അംഗീകരിച്ചിട്ടില്ല. അതില്‍ സ്പീക്കര്‍ എന്താണ് ചെയ്യുക എന്നത് കണ്ടറിയണം. സാധാരണ നിലക്ക് ഈ 16 രാജികളും സ്വീകരിക്കുന്നത് വരെ രാഷ്ട്രീയ അനിശ്ചിതത്വം അവിടെ തുടരുക തന്നെ ചെയ്യും. അതിനുശേഷമേ ബിജെപി അതിന്റെ നിലപാട് പറയാനിടയുള്ളു. ഗവര്‍ണര്‍ക്കും ഇന്നത്തെ നിലക്ക് കുറെ പരിമിതികളുണ്ട്. സ്പീക്കറോട് രാജി സ്വീകരിക്കണം എന്ന് പറയാന്‍ തനിക്കാവില്ല എന്ന് ബിജെപി സംഘത്തോട് ഗവര്‍ണര്‍ പറഞ്ഞതോര്‍ക്കുക. എന്നാല്‍ എല്ലാം അദ്ദേഹം കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്. പിന്നെ പ്രശ്‌നം ഇപ്പൊള്‍ കോടതിയുടെ മുന്നിലുമാണ്.
അതൊന്നുമല്ല ഇന്നത്തെ പ്രാധാന്യം. കര്‍ണാടകത്തിന് പിന്നാലെയാണ് ഗോവയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി പിളര്‍ന്നതും പതിനഞ്ചില്‍ പത്ത് എംഎല്‍എമാരും കൂട്ടമായി ബിജെപിയില്‍ ചേര്‍ന്നതും. ഇനി കോണ്‍ഗ്രസിന് അവിടെ അഞ്ചേ അഞ്ചു എംഎല്‍എമാരേയുള്ളു. അതിലേറെ പ്രധാനം ഗോവയില്‍ കോണ്‍ഗ്രസിന് ഏതാണ്ടൊക്കെ അന്ത്യം കുറിക്കുന്ന രാഷ്ട്രീയ നീക്കമാണിത് എന്നതാണ്. ബിജെപിക്കാവട്ടെ അതോടെ നിയമസഭയില്‍ മാത്രമല്ല ജനങ്ങള്‍ക്കിടയിലും ശക്തി വര്‍ധിച്ചു എന്നത് നിസംശയം പറയാം. ബിജെപിക്ക് പൊതുവെ വലിയ വേരോട്ടമില്ലാത്ത മേഖലകളില്‍ നിന്ന് ജയിച്ചുവന്നവരാണ് ഇപ്പോള്‍ ആ പാര്‍ട്ടിയിലെത്തിയിട്ടുള്ളത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് ഗോവയില്‍ നഷ്ടപ്പെട്ടിരുന്നു എന്നതോര്‍ക്കുക.
കോണ്‍ഗ്രസിനെ വിറളി പിടിപ്പിച്ചത് ഗോവയാണ്. ഒരു പക്ഷെ കര്ണാടകത്തെക്കാള്‍ അവരെ ഇരുത്തിച്ചിന്തിപ്പിക്കുന്നതും ഗോവ തന്നെയാണ്. ഇനി എന്ത് എന്നത് അവരെ വല്ലാതെ വേട്ടയാടുന്നുണ്ട്, തീര്‍ച്ച. രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത് അടുത്തത് മധ്യപ്രദേശ് ആവും എന്നതാണ്. അവിടെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാറുണ്ടായി.എന്നാല്‍ അന്നും കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ വോട്ട് കൂടുതല്‍ കിട്ടിയത് ബിജെപിക്കാണ്; സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് 114 സീറ്റ് കിട്ടി; ബിജെപിക്ക് കിട്ടിയത് 108. 231 അംഗ സഭയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ഇല്ലായിരുന്നു എന്നര്‍ത്ഥം. തനിച്ചു മത്സരിച്ച എസ്പി , ബിഎസ്പി എന്നിവരുടെ പിന്തുണയോടെയാണ് സര്‍ക്കാറുണ്ടായത്. നാല് സ്വതന്ത്രരും പിന്തുണച്ചു. അതായത് എസ്പിയിലെ ഒരംഗവും, ബിഎസ്പിയിലെ രണ്ടും നാല് സ്വതന്ത്രരുമാണ് അവിടെ സര്‍ക്കാരിനെ നിലനിര്‍ത്തുന്നത്. അത് നിലനിര്‍ത്തേണ്ട ചുമതലയോ ബാധ്യതയോ ബിജെപിക്കില്ലതാനും. അതാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്,മധ്യപ്രദേശില്‍ കമല്‍ നാഥ് സര്‍ക്കാര്‍ വീഴാത്തത് അതിന് ബിജെപി തീരുമാനിക്കാത്തത് കൊണ്ടാണ് എന്ന്. അതായത് ബിജെപി എന്ന് തീരുമാനിക്കുന്നോ അന്ന് ആ സര്‍ക്കാര്‍ നിലംപൊത്തും. അത് ആരെക്കാളും നന്നായി കോണ്‍ഗ്രസിനറിയാം. കോണ്‍ഗ്രസ് നടത്തുന്ന അഴിമതി ഭരണം കൊണ്ട് പൊറുതിമുട്ടിയവര്‍ കോണ്‍ഗ്രസില്‍ പോലുമുണ്ട് എന്നതും വേറെ കാര്യം.
പാര്‍ട്ടിയെ കുടുംബ സ്വത്തായി കൊണ്ട് നടന്നിരുന്ന കോണ്‍ഗ്രസിന് ഇനി അത് സാധ്യമല്ലെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. എനിക്ക് തോന്നുന്നു, രാഹുല്‍ ഗാന്ധി രാജിക്കത്തില്‍ പറയുന്നതും അതൊക്കെയാണ്. താന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആവാനില്ല, ആരെങ്കിലും ആ ചുമതല നോക്കട്ടെ, ഞാന്‍ പാര്‍ട്ടിയ്ക്കൊപ്പമുണ്ട് എന്ന്. അതെന്തൊക്കെയായാലും തല്ക്കാലം എംഎല്‍എമാരെ കൂടെ നിര്‍ത്തുക എന്നതാവണം അവര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ അതിനൊട്ട് കഴിയുന്നുമില്ല. കര്‍ണാടകം, ഗോവ വിട്ട് ഇനി എന്തൊക്കെ കാണേണ്ടിവരും എന്നതാണ് യഥാര്‍ഥത്തില്‍ സാധാരണ കോണ്‍ഗ്രസുകാര്‍ ചിന്തിക്കുന്നത്. എന്നാല്‍ പാര്‍ട്ടിക്ക് ഇനിയും ഒരു പ്രസിഡന്റ് ആയിട്ടുമില്ല. പ്രതിസന്ധിയുടെ ആഴം ചെറുതല്ല; പക്ഷെ അത് തിരിച്ചറിയപ്പെടുന്നുമില്ല.
Post Your Comments