KeralaLatest News

എന്തൊരു വിലയാണെന്റെ പൊന്നേ…; കേരളത്തില്‍ സ്വര്‍ണവില കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 35 രൂപ ഉയര്‍ന്ന് റെക്കോര്‍ഡ് വിലയിലാണ് സ്വര്‍ണ വ്യാപാരം. പവന് 280 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു ഗ്രാമിന് 3,225 രൂപയും പവന് 25,800 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്.

ഇന്നലെ ഗ്രാമിന് 3,190 രൂപയും പവന് 25,520 രൂപയുമായിരുന്നു നിരക്ക്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തിയതാണ് പ്രധാനമായും ഇന്ത്യയില്‍ സ്വര്‍ണവില കൂടാനിടയാക്കിയത്. സ്വര്‍ണമുള്‍പ്പടെയുള്ള ലോഹങ്ങളുടെ കസ്റ്റംസ് തീരുവ 10 ശതമാനമായിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ ബജറ്റില്‍ ഇത് 12.5 ശതമാനമാക്കി ഉയര്‍ത്തി. അമേരിക്കയിലെ സാമ്പത്തിക-നികുതി തര്‍ക്കങ്ങളും വില വര്‍ധനവിന് കാരണമായിട്ടുണ്ട്. ഓഹരി വിപണിയിലെ അസ്ഥിരതയും വില ഉയരാനിടയാക്കി. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗോളവിപണിയില്‍ സ്വര്‍ണ വിലയിലും ഇന്ന് വന്‍ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,420.11 ഡോളറാണ് ഇന്നത്തെ നിരക്ക്. 10 ഡോളറിന്റെ വര്‍ധനയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

ബജറ്റ് പ്രഖ്യാപനം ഏറ്റവും അധികം പ്രതിഫലിച്ചത് രാജ്യത്തെ സ്വര്‍ണവിലയിലായിരുന്നു. ബജറ്റ് ദിവസം രാവിലെ 25,200 രൂപയില്‍ നിന്ന സ്വര്‍ണ വില ബജറ്റ് പ്രഖ്യാപനം വന്നതോടെ കുതിച്ചുയര്‍ന്ന് ഉച്ചയോടെ 25,680 രൂപയായിലെത്തിയിരുന്നു. എന്നാല്‍ പിറ്റേദിവസം പവന് 160 രൂപ കുറഞ്ഞ് പവന് 25,520 രൂപയിലെത്തിയിരുന്നു. തുടര്‍ന്ന് സ്വര്‍ണത്തിന് വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കുതിച്ചുയരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button