നേവാഡ:പ്രമുഖ വാഹന നിര്‍മാണ കമ്പനിയായ ടെസ്ലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരി രംഗത്ത്. പ്രസവത്തിനായും അസുഖത്തെത്തുടര്‍ന്നും അവധിയെടുത്ത ജീവനക്കാരെ ടെസ്‌ല അന്യായമായി ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായാണ് ആരോപണം. പ്രസവാവധിയ്ക്കായി അപേക്ഷിച്ചതിന് തൊട്ടുപിന്നാലെ കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടെന്നാരോപിച്ച് ടെസ്ല ഗിഗാ ഫാക്ടറിലിയിലെ മുന്‍ ജീവനക്കാരിയായ ഡെവോണ്‍ ബെക്കാറയാണ് രംഗത്തുവന്നിരിക്കുന്നത്.
2018 ഫെബ്രുവരിയില്‍ നേവാഡയിലെ സ്പാര്‍ക്സിലുള്ള ടെസ്ല ഗിഗാ ഫാക്ടറിയിലാണ് ബെക്കാറ ജോലിയാരംഭിച്ചത്. മാസങ്ങള്‍ക്ക് ശേഷം ഇവര്‍ക്ക് സൂപ്പര്‍വൈസറായി സ്ഥാനക്കയറ്റം ലഭിച്ചു. എന്നാല്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് 2019 ഫെബ്രുവരി മുതല്‍ പ്രസവാവധി വേണമെന്ന് ബെക്കാറ മാനേജ്മെന്റിനെ അറിയിച്ചു. എന്നാല്‍ 2018 ഡിസംബറില്‍ കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടെന്ന അറിയിപ്പാണ് ബെക്കാറയ്ക്ക് ലഭിച്ചത്. അതായത് പ്രസവാവധിയില്‍ പ്രവേശിക്കാന്‍ 28 ആഴ്ച ബാക്കിനില്‍ക്കെ ബെക്കാറയ്ക്ക് തന്റെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നഷ്ടമാവുകയും വരുമാനമാര്‍ഗം നിലയ്ക്കുകയും ചെയ്തു. എന്നാല്‍ ബെക്കാറ ജോലിയില്‍ മോശമായിരുന്നതിനെ തുടര്‍ന്നാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്നാണ് ടെസ്ല അധികൃതര്‍ നല്‍കുന്ന വിശദീകരണം.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സമാനമായ നിരവധി പരാതികളാണ് ടെസ്‌ലെയ്ക്കെതിരെ ഉയര്‍ന്നു വരുന്നത്. അന്യായമായി പിരിച്ചുവിടല്‍, തൊഴില്‍ സാഹചര്യം,
വംശീയ വിവേചനം, ലൈംഗികാതിക്രമം തുടങ്ങിയ ആരോപണങ്ങളാണേറെയും. മാത്രമല്ല അസുഖമുള്ള ദിവസങ്ങളില്‍ അവധിയെടുക്കുന്നതിന് ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന ഭീഷണിയുമുണ്ടെന്ന് ചില കമ്പനി ജീവനക്കാര്‍ പറയുന്നുവെന്ന് ദി ഗാര്‍ഡിയന്‍ ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീവനക്കാര്‍ അസുഖങ്ങള്‍ക്ക് അവധിയെടുക്കുന്നത് തടയുന്നതിനും അവര്‍ക്ക് പ്രൊമോഷന്‍ നിഷേധിക്കുന്നതിനുമായി പോയിന്റ് സിസ്റ്റം അറ്റന്‍ഡന്‍സ് സംവിധാനമാണ് കമ്പനി പിന്തുടരുന്നതെന്ന് കമ്പനിയിലെ ഇപ്പോഴുള്ള ജീവനക്കാര്‍ പറയുന്നു. അതായത് ആറ് മാസക്കാലയളവില്‍ 4.5 ദിവസം അവധിയെടുത്താല്‍ പോലും ജീവനക്കാരെ കമ്പനിയ്ക്ക് പിരിച്ച് വിടാം. ഇക്കാര്യം ദി ഗാര്‍ഡിയന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments