കൊച്ചി: ബ്രഹ്മപുരത്തെ നിര്‍ദ്ദിഷ്ട മാലിന്യ വൈദ്യുതി പ്ലാന്റ് അശാസ്ത്രീയമാണെന്ന് ആരോപണം. കെഎസ്ഇബിയിലെ സിപിഐയുടെ തൊഴിലാളി സംഘടനയാണ് പ്ലാന്റ് അശാസ്ത്രീയമാണെന്നും അഴിമതിയുണ്ടെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. മുന്‍പരിചയമില്ലാത്ത കമ്പനിയെ പദ്ധതിയുടെ നടത്തിപ്പ് ഏല്‍പ്പിച്ചതിന് പിന്നില്‍ അഴിമതിയുണ്ടെന്നാണ് സംഘടയുടെ പ്രധാന ആരോപണം. പ്ലാന്റിനാവശ്യമായ മാലിന്യം കൊച്ചിയില്‍ നിന്ന് കിട്ടില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം ഈ ആരോപണങ്ങളെ നിഷേധിച്ച് നിര്‍മ്മാണ കമ്പനിയായ ജി ജെ എക്കോ പവറും രംഗത്തെത്തിയിട്ടുണ്ട്.
മാലിന്യത്തില്‍ നിന്ന് 1 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 15 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡം. 9.76 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ ലക്ഷമിടുന്ന ബ്രഹ്മപുരം പ്ലാന്റിന്റെ പദ്ധതി അടങ്കല്‍ കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡത്തിന്റെ ഇരട്ടിയിലേറെ വരും. അതായത് 350 കോടി രൂപ. ഇത് ദുരൂഹമാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേണ്ട സാമ്പത്തികമോ സാങ്കേതികമോ ആയ യാതൊരു ശേഷിയും ഈ കമ്പനിക്കില്ലെന്നും നടക്കാന്‍ സാധ്യതയില്ലാത്ത ഒരു പദ്ധതി കൊണ്ടു വന്ന് വലിയൊരു തട്ടിപ്പ് നടത്താനുള്ള ശ്രമമാണിതെന്നും കെഎസ്ഇബി വര്‍ക്കേഴ്‌സ് ഫെഡറേഷനിലെ എഐടിയുസി നേതാവ് ജേക്കബ് ലാസര്‍ പറയുന്നു.
നിര്‍മ്മാണത്തിന് വേണ്ട 350 കോടി പൊതു സമൂഹത്തില്‍ നിന്ന് ഉള്‍പ്പടെ ശേഖരിക്കുമെന്നാണ് കമ്പനി പറയുന്നത്. 300 ടണ്‍ മാലിന്യമാണ് പ്രതിദിനം കൊച്ചി കോര്‍പ്പറേഷന്‍ കമ്പനിക്ക് നല്‍കേണ്ടത്. ഇല്ലെങ്കില്‍ നഗരസഭ കമ്പനിക്ക് പിഴ നല്‍കേണ്ടി വരും. നഗരത്തിലെ മാലിന്യത്തില്‍ ജലാംശം ഏറെയുണ്ട്. എന്നാല്‍ പ്ലാന്റിന് വേണ്ടത് ഉണക്കിയ മാലിന്യമാണ്. അതുകൊണ്ട് തന്നെ പ്ലാന്റിന് ആവശ്യമായ മാലിന്യം കിട്ടാന്‍ സാധ്യതയില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നുണ്ട്.
ബ്രിട്ടണില്‍ ഉപയോഗത്തിലുള്ള ഒരു സാങ്കേതിക വിദ്യയാണ് മാലിന്യത്തില്‍ നിന്നുള്ള വൈദ്യുതി ഉത്പാദിപ്പിക്കാനായി കൊച്ചിയിലേക്കും കൊണ്ടു വരുന്നത്. ബ്രിട്ടണ്‍ പോലെ മിതശീതോഷ്ണ മേഖലയില്‍ ഉപയോഗിച്ചു പോരുന്ന സാങ്കേതിക വിദ്യ കേരളം പോലെ ധാരാളം മഴ ലഭിക്കുന്ന ഉഷ്ണമേഖലാ പ്രദേശത്ത് എത്ര കണ്ട് പ്രായോഗികമാണ് എന്നത് കണ്ടറിയണമെന്നാണ് പരിസ്ഥിതി വിദഗ്ദ്ധര്‍ പറയുന്നത്. അതേ സമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നാണ് കമ്പനിയുടെ വാദം. ബ്രഹ്മപുരത്ത് നിലവില്‍ രണ്ട് ലക്ഷം മുതല്‍ മൂന്ന് ലക്ഷം ടണ്‍ വരെ മാലിന്യം കുമിഞ്ഞു കൂടി കിടക്കുന്നുണ്ട്. ഈ മാലിന്യത്തില്‍ 60 ശതമാനവും ഓര്‍ഗാനിക് വേസ്റ്റാണ്. അതിലാണ് ജലാംശം കൂടുതലുള്ളത്. സാങ്കേതിക വിദ്യയുപയോഗിച്ച് ഇതിനെ ഉണക്കിയെടുത്ത ശേഷമാണ് അവ വൈദ്യുതി ഉത്പാദനത്തിനായി ഉപയോഗിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം.
Post Your Comments