തിരുവനന്തപുരം: ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഇല്ലാതെ ദുരിതത്തിലാണ് ഈ മിണ്ടാപ്രാണികള്‍. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം സ്വകാര്യ ട്രസ്റ്റ് ആരംഭിച്ച ഗോശാലയില്‍ പശുക്കളുടെ ദുരിതം കാണാന്‍ മന്ത്രി എത്തി. മിണ്ടാപ്രാണികള്‍ വലിയ രീതിയിലുള്ള ക്രൂരതയാണു നേരിടുന്നതെന്നും ആവശ്യമെങ്കില്‍ ഏറ്റെടുത്തു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു കൈമാറാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മുപ്പതിലേറെ മിണ്ടാപ്രാണികളാണു മതിയായ ആഹാരമോ സംരക്ഷണമോ ഇല്ലാതെ ഇവിടെ കഴിയുന്നത്. മേല്‍ക്കൂര മറയ്ക്കാന്‍ ഉപയോഗിച്ച ടാര്‍പോളിന്‍ കീറിപ്പറിഞ്ഞ അവസ്ഥയിലാണ്. മഴയില്‍ നിന്നും വെയിലില്‍ നിന്നും സംരക്ഷണമില്ലാത്ത അവസ്ഥയിലാണു പശുക്കള്‍. ട്രസ്റ്റ് ഭാരവാഹികളുമായി സംസാരിച്ചു കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നു മന്ത്രി പറഞ്ഞു . താല്‍ക്കാലികമായി ഇവയ്ക്കുള്ള ആഹാരം എത്തിച്ചു നല്‍കാനുള്ള ഏര്‍പ്പാടു ചെയ്യാന്‍ ക്ഷേത്രം എക്‌സിക്യുട്ടിവ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.
ക്ഷേത്രത്തിലേക്കുള്ള പാല്‍ ലഭിക്കുവാന്‍ ക്ഷേത്രം വക ഗോശാല പ്രവര്‍ത്തിക്കുന്നതിനു പുറമേ സ്വകാര്യ ട്രസ്റ്റ് ആരംഭിച്ച ഗോശാലയിലാണു പശുക്കളുടെ ദുരിതം. ഷെഡിനുള്ളില്‍നിന്ന് ചാണകവും മൂത്രവും യഥാസമയം നീക്കം ചെയ്യുന്നില്ല. ഈയടുത്ത് ഒരു പശുക്കിടാവിനെ പട്ടി കടിച്ചു കൊന്നുവെന്നും ഭക്തര്‍ മന്ത്രിയോട് പരാതിപ്പെട്ടു. കൃത്യമായി ഭക്ഷണം നല്‍കാറില്ലെന്നും ഉള്ളപ്പോള്‍ കൊടുക്കുകയാണു പതിവെന്നും ഗോശാലാ ജീവനക്കാരന്‍ സമ്മതിച്ചു. ആഹാരം കൊടുക്കാന്‍ പണമില്ല എന്ന മറുപടിയാണു ട്രസ്റ്റ് ഭാരവാഹികളില്‍ നിന്നു ലഭിക്കാറുള്ളത് എന്നും ജീവനക്കാരന്‍ വിശദീകരിച്ചു. മന്തരിയുടെ ഇടപെടല്‍ ഉടന്‍ തന്നെ ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments