മുംബൈ: അമ്മയുടെ രണ്ടാം വിവാഹത്തെത്തുടര്‍ന്നു ബാല്യവും പിന്നീട് തന്റെ ജീവിത സ്വപ്‌നങ്ങള്‍ തന്നെയും തകര്‍ന്ന അനുഭവമാണ് മുംബൈയില്‍ നിന്നുള്ള ഷീരിന്‍ എന്ന യുവതിക്കു പറയാനുള്ളത്. നിരന്തരം കലഹിച്ചുകൊണ്ടിരുന്ന മാതാപിതാക്കള്‍ ഷിരീന് 11 വയസ് പ്രായമുള്ളപ്പോഴാണ് വിവാഹമോചിതരാവുന്നത്. ഭര്‍ത്താവില്‍ നിന്നു വിവാഹമോചനം നേടിയ അമ്മ രണ്ടാമതും വിവാഹം കഴിച്ചു. വീണ്ടുമൊരു വിവാഹത്തിന് അമ്മ തയ്യാറെടുത്തത് സമുദായത്തിലുള്ളവര്‍ക്ക് ഒട്ടും അംഗീകരിക്കാന്‍ സാധിച്ചില്ല. അവര്‍ അമ്മയെ വേട്ടയാടാന്‍ തുടങ്ങി. ഒടുവില്‍ മറ്റുള്ളവരുടെ പരിഹാസത്തില്‍ മനംനൊന്ത് അമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു. പിന്നാലെ വിവാഹം കഴിച്ചെങ്കിലും മക്കള്‍ ജനിച്ചതോടെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടി. അങ്ങനെ മൂന്ന് മക്കളുമായി തെരുവിലേക്കിറങ്ങിയ ഷിരീന്‍ ജീവിതം കെട്ടിപ്പടുക്കാന്‍ നടത്തിയ പോരാട്ടത്തിന്റെ കഥയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെയിലെ കുറിപ്പ് വിവരിക്കുന്നത്. മുംബൈ നഗരത്തിലെ വിവിധ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഫെയ്‌സ്ബുക്ക് കൂട്ടയ്മയാണ് ‘ഹ്യൂമന്‍സ് ഓഫ് ബോംബെ’.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എനിക്ക് പതിനൊന്ന് വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ തമ്മില്‍ എന്നും വഴക്കിടുന്നത് കണ്ടിട്ടുണ്ട്. അധികം വൈകാതെ അവര്‍ പിരിഞ്ഞു. വീണ്ടും വിവാഹം കഴിക്കാന്‍ അമ്മ തീരുമാനിച്ചു. മറ്റുള്ളവരെന്ത് പറയുമെന്ന് നോക്കാതെ തീരുമാനങ്ങളെടുക്കുന്ന സ്ത്രീയായിരുന്നു എന്റെ അമ്മ. വിവാഹത്തിന് കുറച്ചുദിവസങ്ങള്‍ക്ക് ശേഷം സഹോദരനൊപ്പം അമ്മ പുറത്തുപോയി. സമുദായത്തിലെ കുറച്ചംഗങ്ങള്‍ ചേര്‍ന്ന് ഇവരെ പരസ്യമായി ചോദ്യം ചെയ്തു.
രണ്ടാം വിവാഹത്തിന്റെ പേരില്‍ അമ്മയെ പരിഹസിച്ചു, സ്വഭാവം ശരിയല്ലെന്ന് പരസ്യമായി പറഞ്ഞു. ഇതു അമ്മയെ മാനസികമായി തകര്‍ത്തു. അന്നു രാത്രി അമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു. ജീവിതത്തില്‍ അഭിമുഖീകരിച്ച ഏറ്റവും പ്രയാസമേറിയ കാര്യം അതായിരുന്നു. പക്ഷേ മുന്നോട്ടുപോയേ മതിയാകൂ എന്നതാണ് സാഹചര്യം.
പിന്നാലെ എന്നെയും സഹോദരിയെയും അമ്മയുടെ ഭര്‍ത്താവ് വിവാഹം കഴിപ്പിച്ചയച്ചു. ഭര്‍ത്തൃവീട്ടുകാര്‍ അവളെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ചു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ വിഷം കൊടുത്തു. അവളും പോയി. ഞാന്‍ തകര്‍ന്നുപോയി. എന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവരെന്ന് കരുതിയ രണ്ടുപേരാണ് പെട്ടെന്ന് ഇല്ലാതായത്. എന്റെ ജീവിതം ഇരുട്ടിലായ പോലെ തോന്നി. അധികം വൈകാതെ ഞാന്‍ ഗര്‍ഭിണിയായി. മകനുണ്ടായ ശേഷമാണ് ജീവിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചുതുടങ്ങിയത്. അതിനിടെ ഞാനും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. മൂന്നാമത്തെ കുട്ടിയുടെ ജനനത്തിന് പിന്നാലെ പ്രശ്‌നങ്ങള്‍ വഷളായി. ഞങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ അയാള്‍ക്ക് സമയമില്ലാതായി. എനിക്കൊപ്പം കിടക്ക പങ്കിടുക എന്ന ഒരൊറ്റ ഉദ്ദേശ്യമേ അയാള്‍ക്കുണ്ടായിരുന്നുള്ളൂ. ആ ആവശ്യം കഴിഞ്ഞതോടെ അയാള്‍ മുത്തലാഖ് ചൊല്ലി എന്നെ ഉപേക്ഷിച്ചു. മൂന്ന് കുട്ടികളുമായി ഞാന്‍ വീടുവിട്ടു. തെരുവില്‍ ഞാന്‍ ഒറ്റപ്പെട്ടു. മൂന്നു വയറുകള്‍ നിറയ്ക്കണമായിരുന്നു എനിക്ക്. എങ്ങനെയൊക്കെയോ ഒരു ചെറിയ ബിരിയാണി സ്റ്റാള്‍ തുടങ്ങി. എന്നാല്‍ ബിഎംസി അധികൃതര്‍ തടഞ്ഞു. എന്റെ ഭര്‍ത്താവ് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയിരുന്നു. എന്തുകൊണ്ട് എനിക്കും റിക്ഷാ ഓടിച്ചുകൂടാ എന്നു ചിന്തിച്ചു. സ്വരൂപിച്ച പണമെല്ലാം ചേര്‍ത്ത് ഒരു ഓട്ടോറിക്ഷാ വാങ്ങി.
സമ്പാദിച്ചുതുടങ്ങിയതോടെ മറ്റ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പരസ്യമായി അപമാനിക്കാന്‍ തുടങ്ങി. എന്റെ ഓട്ടം തടസ്സപ്പെടുത്താന്‍ പലതവണ ശ്രമിച്ചു. എന്നാല്‍ പിന്മാറാന്‍ ഞാന്‍ തയാറായിരുന്നില്ല. ഒരു വര്‍ഷത്തോളമായി ഞാന്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങിയിട്ട്. എന്റെ കുട്ടികള്‍ പറയുന്നതെല്ലാം വാങ്ങിക്കൊടുക്കാന്‍ കഴിയുന്നുണ്ടെനിക്ക്. അവര്‍ക്ക് വേണ്ടി ഒരു കാര്‍ വാങ്ങണമെന്നുണ്ട് എനിക്ക്. അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ്. ഓട്ടോയില്‍ കയറുന്നവര്‍ ചിലപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തും. എന്റെ കഥയറിയുമ്പോള്‍ ചിലപ്പോള്‍ കയ്യടിക്കും, കണ്ണുനിറയും, കൂടുതല്‍ പണം തരും.
എന്തും ചെയ്യാന്‍ കഴിവുള്ളവരാണ് സ്ത്രീകളാണ്. മറ്റുള്ളവര്‍ തീരുമാനിക്കുന്നതിനനുസരിച്ചല്ല അവര്‍ ജീവിക്കേണ്ടത്. എന്റെ അമ്മയും സഹോദരിയും അനുഭവിച്ചപോലെ നരകിക്കാന്‍ എനിക്ക് കഴിയില്ല. ഇന്നു ഞാന്‍ ജീവിക്കുന്നത് എന്റെ കുട്ടികള്‍ക്ക് വേണ്ടിയാണ്. എന്റെ ഈ ജീവിതം എനിക്കുവേണ്ടി മാത്രമല്ല, മിണ്ടാതെ സഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ്.
Post Your Comments