ന്യൂഡല്‍ഹി: രാമജന്മഭൂമി-ബാബ്രി മസ്ജിദ് കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നും മധ്യസ്ഥതയില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി വാദികളില്‍ ഒരാള്‍ സുപ്രീംകോടതിയില്‍.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്് ഇക്കാര്യത്തില്‍ ആവശ്യമായ അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ആദ്യഘട്ട മധ്യസ്ഥത പൂര്‍ത്തിയായിട്ടും കേസില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് വാദി കോടതിയെ അറിയിച്ചു. ഭൂമി തര്‍ക്കത്തില്‍ സൗഹാര്‍ദ്ദപരമായ ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നതിനായി മാര്‍ച്ച് 8 ന് ജസ്റ്റിസ് കലിഫുല്ലയുടെ അധ്യക്ഷതയില്‍ സുപ്രീംകോടതി മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു.
ശ്രീ ശ്രീ രവിശങ്കര്‍, മദ്രാസ് ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു. സമിതിയുടെ ദൗത്യം വിജയകരമാക്കാന്‍ ”അതീവ രഹസ്യസ്വഭാവത്തോടെ” നടപടികള്‍ നടത്തണമെന്നായിരുന്നു കോടതിയുടെ അഭിപ്രായം. ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ മധ്യസ്ഥ നടപടികള്‍ നടക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ മധ്യസ്ഥര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ആവശ്യമെങ്കില്‍ കൂടുതല്‍ നിയമ സഹായം തേടാനും മധ്യസ്ഥര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അതില്‍ പറഞ്ഞിരുന്നു. എട്ട് ആഴ്ചയ്ക്കുള്ളില്‍ മധ്യസ്ഥത പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം മെയ് 10 ന് അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സൗഹാര്‍ദ്ദപരമായ പരിഹാരം കാണുന്നതിന് കോടതി നിയോഗിച്ച മധ്യസ്ഥ പാനലിന്റെ കാലാവധി ഓഗസ്റ്റ് 15 വരെ നീട്ടിയിരുന്നു. ഇതിനിടയിലാണ് മധ്യസ്ഥ സമിതിയുടെ ദൗത്യം ഗുണകരമാകില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരിലൊരാള്‍ കോടതിയെ സമീപിച്ചത്
Post Your Comments