കൊച്ചി: സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ പ്രതഷേധിച്ച് നിരാഹാരം സമരം പ്രഖ്യാപിച്ച ഭരണകക്ഷി എംഎല്‍എ എം സ്വരാജ് സമരത്തില്‍ നിന്ന് പിന്മാറി. കുടിവെള്ള പൈപ്പിടുന്നതിനായി മരട് നഗരസഭയില്‍ വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കാന്‍ ജലവകുപ്പ് പണം കൈമാറാത്തതില്‍ പ്രതിഷേധിച്ചായിരുന്നു എംഎല്‍എ സമരം പ്രഖ്യാപിച്ചത്. എന്നാല്‍, സംഭവത്തെ തുടര്‍ന്ന് ജലവിഭവ വകുപ്പ് മന്ത്രി ഇടപെട്ട് തുക കൈമാറിയ സാഹചര്യത്തിലാണ് താന്‍ സമരത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറായതെന്ന് എം സ്വരാജ് വ്യക്തമാക്കി.
സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സിപിഎം എംഎല്‍എ എം സ്വരാജ് തലസ്ഥാനത്ത് ജലവിഭവ വകുപ്പ് ആസ്ഥാനത്തിന് മുന്നില്‍ നിരാഹാര സമരം പ്രഖ്യാപിച്ചത്. മണ്ഡലത്തിലെ പല പ്രധാന റോഡുകളും കുത്തി പൊളിച്ച് കുടിവെള്ള പൈപ്പിട്ടതിന് ശേഷം, അവ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ജലവകുപ്പ് തയ്യാറായില്ലെന്നതായിരുന്നു എംഎല്‍എയുടെ പ്രതിഷേധത്തിനിടയാക്കിയത്. റോഡ് നന്നാക്കാന്‍ മരട് നഗരസഭയ്ക്ക് പണം കൈമാറേണ്ട ജലവകുപ്പ് പല കാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി സ്വരാജ് ജലവിഭവ വകുപ്പ് മന്ത്രിക്ക് കത്തയച്ചു. വിഷയം പരിഹരിക്കാത്ത പക്ഷം ഈ മാസം പത്ത് മുതല്‍ തിരുവനന്തപുരത്തെ ജലവകുപ്പിന്റെ ആസ്ഥാനത്ത് നിരാഹാര സമരം ഇരിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാല്‍ മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് ജലവകുപ്പ് രണ്ട് കോടി അഞ്ച് ലക്ഷം രൂപ നഗരസഭയ്ക്ക് കൈമാറിയതായും ഈ സാഹചര്യത്തിലാണ് താന്‍ സമരത്തില്‍ നിന്ന് പിന്മാറുന്നതെന്നും എംഎല്‍എ അറിയിച്ചു.
Post Your Comments