റിയോ ഡി ജനീറോ: ഒൻപതാം തവണയും കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം സ്വന്തമാക്കി ബ്രസീൽ. മാറക്കാന സ്റ്റേഡിയത്തിൽ പൊരുതിനിന്ന പെറുവിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് ആതിഥേയരായ ബ്രസീൽ കിരീടത്തിൽ മുത്തമിട്ടത്. ഒന്നാം പകുതിയിൽ 2-1 എന്ന സ്കോറിൽ മുന്നിലായിരുന്നു ബ്രസീൽ.എവർട്ടൻ (15), ഗബ്രിയേൽ ജെസ്യൂസ് (45+3), റിച്ചാർലിസൻ (90, പെനൽറ്റി) എന്നിവരാണ് ബ്രസീലിന്റെ ഗോളുകൾ നേടിയത്.
ക്യാപ്റ്റൻ പൗലോ ഗ്യുറെയ്റോയുടെ വകയായിരുന്നു പെറുവിന് ആശ്വാസഗോൾ ലഭിച്ചത്. 44–ാം മിനിറ്റിൽ ഗ്യുറെയ്റോ പെനൽറ്റിയിൽനിന്നാണ് ഈ ഗോൾ നേടിയത്. ഇക്കുറി കോപ്പയിൽ ബ്രസീൽ വഴങ്ങിയ ഏക ഗോളാണിത്. പന്ത്രണ്ട് വർഷത്തിനുശേഷമാണ് ബ്രസീൽ കോപ്പയിൽ ചാമ്പ്യന്മാരാകുന്നത്. 2007ലാണ് അവർ അവസാനമായി കിരീടം ചൂടിയത്. 1999, 22, 49, 89, 97, 99, 2004 വർഷങ്ങളിലും അവർ കിരീടം നേടിയിരുന്നു. ഇതോടെ ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കിരീടം സ്വന്തമാക്കിയ ടീം എന്ന നേട്ടവും ബ്രസീലിന് സ്വന്തമാണ്.
Post Your Comments