ലണ്ടന്‍ : ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടുകള് ജപ്പാനും സിംഗപ്പൂരിനും. രണ്ടാം സ്ഥാനം ഫിന്‍ലന്‍ഡിനും ജര്‍മനിക്കുമൊപ്പം ദക്ഷിണ കൊറിയയും പങ്കിടുമ്പോള്‍ മൂന്ന് ഏഷ്യന്‍ രാജ്യങ്ങളാണ് ശക്തമായ പാസ്പോര്‍ട്ടുമായി പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള പൗരത്വറെസിഡന്സ് ഉപദേശക സംഘടനയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്നേഴ്സ് പുറത്തുവിട്ട പാസ്പോര്‍ട്ടുകളുടെ ആഗോള സൂചികയാണിത്. പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 86 ആണ്.
യൂറോപ്യന്‍ രാജ്യങ്ങളായ ഡെന്മാര്ക്, ഇറ്റലി, ലക്സംബര്‍ഗ് എന്നിവരാണ് മൂന്നാം സ്ഥാനത്ത്. 186 രാജ്യങ്ങളിലാണ് ഇവരുടെ പാസ്പോര്ട്ടില് സഞ്ചരിക്കാനാവുക. 185 രാജ്യങ്ങളില്‍ വീസയില്ലാതെ എത്താന്‍ കഴിയുന്ന ഫ്രാന്‍സ്, സ്പെയിന്, സ്വീഡന് എന്നീ രാജ്യങ്ങളാണ് നാലാം സ്ഥാനത്ത്. ഓസ്ട്രിയ, നെതര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ് (184) എന്നിവയാണ് നാലാം സ്ഥാനത്ത്.
2014 ല്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന യുഎസും യുകെയും ഇത്തവണ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2010 ന് ശേഷം ഇവരുടെ ഏറ്റവും മോശമായ സ്ഥാനമാണിത്. ബെല്‍ജിയം, കാനഡ, ഗ്രീസ്, അയര്‍ലന്‍ഡ്, നോര്‍വെ എന്നിവര്‍ക്കൊപ്പം 183 രാജ്യങ്ങളില്‍ മാത്രമാണ് ഇവരുടെ പാസ്പോര്‍ട്ടിന് വീസയില്ലാതെ എത്തിപ്പെടാനാവുക.
മുന്‍കൂട്ടി വീസയെടുക്കാതെ ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ സഞ്ചരിക്കാന്‍ കഴിയുന്ന പാസ്പോര്‍ട്ടുകളാണ് ശക്തമായ പാസ്പോര്‍ട്ട് പട്ടികയില്‍ ആദ്യ സ്ഥാനങ്ങള്‍ നേടുന്നത്. ജപ്പാന്റെയും സിംഗപ്പൂരിന്റെയും പാസ്പോര്‍ട്ടുകളുപയോഗിച്ച് ഇത്തരത്തില്‍ 189 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാകും. ഫിന്‍ലന്‍ഡ് , ജര്‍മനി, ദക്ഷിണ കൊറിയ എന്നിവരുടെ പാസ്പോര്ട്ടുകള് ഉപയോഗിച്ച് വീസയില്ലാതെ 187 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാകും. ഇന്ത്യന്‍ പാസ്പോര്‍ട്ട് 58 രാജ്യങ്ങളില്‍ മാത്രമാണ് വീസയില്ലാതെ സഞ്ചാരയോഗ്യമാകുന്നത്.
ഏറ്റവും മോശം പാസ്പോര്‍ട്ടുകളുടെ പട്ടികയിലാണ് ബംഗ്ലാദേശും ഇറാനും. ഇവരുടെ പാസ്പോര്ട്ടുകള്കൊണ്ട് 39 രാജ്യങ്ങളില്‍ മാത്രമാണ് എത്തിപ്പെടാന്‍ കഴിയുക. 106ാം സ്ഥാനത്തുള്ള പാക്കിസ്ഥാന്റെ പാസ്പോര്‍ട്ട് ഉപയോഗിച്ച് 35 രാജ്യങ്ങള്‍ മാത്രമാണ് സന്ദര്‍ശിക്കാനാവുക. പട്ടികയില്‍ ഏറ്റവും പിന്നിലായ അഫ്ഗാനിസ്ഥാന്റെ പാസ്പോര്‍ട്ടിന് 25 രാജ്യങ്ങളിലേക്ക് മാത്രമാണ് വീസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുക.
Post Your Comments