കൊച്ചി : കേരളത്തില്‍ പാതയിരട്ടിപ്പിക്കലിന് 258 കോടി രൂപ റെയില്‍വേ ബജറ്റില്‍ വകയിരുത്തി. തിരുനാവായ ഗുരുവായൂര്‍, അങ്കമാലിശബരിമല എന്നീ പുതിയ പാതകള്‍ക്കും നാമമാത്രമായ തുക വിലയിരുത്തിയിട്ടുണ്ട് (ഒരു കോടി രൂപ വീതം). കേരളത്തിനു കൂടി ഉപകാരപ്പെടുന്ന മംഗളൂരു സെന്‍ട്രല്‍ നേത്രാവതി സെക്ടറില്‍ 11 കോടി രൂപ ഇരട്ടിപ്പിക്കലിനു വകയിരുത്തിയിട്ടുണ്ട്. വിവിധ ഇനങ്ങളില്‍ നിന്നാണ് തുക അനുവദിക്കുന്നത്.
റെയില്‍ മേഖലയില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാനും സ്റ്റേഷന്‍ നവീകരണം വ്യാപിപ്പിക്കാനുമുളള തീരുമാനം കേരളത്തിനു ഗുണകരമായി. കോഴിക്കോട്, എറണാകുളം സ്റ്റേഷനുകള്‍ നേരത്തെ തന്നെ പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കൊല്ലം, കോട്ടയം, ചെങ്ങന്നൂര്‍, ആലുവ, കണ്ണൂര്‍ സ്റ്റേഷനുകളും വൈകാതെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
ഇടക്കാലത്തു ചില സ്റ്റേഷനുകള്‍ നവീകരിക്കാന്‍ 20 കോടി രൂപ വീതം അനുവദിച്ചെങ്കിലും അവയെ പൂര്‍ണ തോതിലുളള നവീകരണത്തിനായി തിരഞ്ഞെടുത്തിരുന്നില്ല. സ്റ്റേഷനുകളില്‍ ലഭ്യമായ ഭൂമിയും പ്ലാറ്റ്‌ഫോമുകള്‍ക്കു മുകളിലായുളള എയര്‍ സ്‌പേസും വാണിജ്യ ആവശ്യങ്ങള്‍ക്കായി വിട്ടു നല്‍കി സ്റ്റേഷനുകള്‍ക്ക് ആധുനിക മുഖം നല്‍കുന്നതാണ് പദ്ധതി. ദീര്‍ഘകാല പാട്ടത്തിനാണു ഭൂമി വിട്ടു നല്‍കുന്നത്.
കോട്ടയം വഴിയുള്ള പാതയില്‍ കുറുപ്പന്തറ ചിങ്ങവനം സെക്ടറില്‍ 26.54 കിലോമീറ്റര്‍ പാതയിരട്ടിപ്പിക്കാന്‍ 84 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആലപ്പുഴ റൂട്ടില്‍ അമ്പലപ്പുഴ ഹരിപ്പാട് സെക്ടറിന് 26 കോടി രൂപ. തിരുവനന്തപുരംകന്യാകുമാരി പാതയ്ക്ക് 133 കോടി രൂപ. ചെങ്ങന്നൂര്‍ ചിങ്ങവനം (16 കോടി), മുളന്തുരുത്തി കുറുപ്പന്തറ (5.25കോടി). എറണാകുളംകുമ്പളം, കുമ്പളം തുറവൂര്‍, തുറവൂര്‍ അമ്പലപ്പുഴ സെക്ടറുകള്‍ക്ക് ഒരു കോടി രൂപ വീതം. ഷൊര്‍ണൂര്‍ എറണാകുളം സെക്ടറില്‍ മൂന്നാമത്തെ ലൈനിന് ഒരു കോടി രൂപ ടോക്കണ്‍ തുകയായി വകയിരുത്തി.
നവീകരണ പദ്ധതി നടപ്പാക്കുന്ന കമ്പനികള്‍ പ്ലാറ്റ്‌ഫോമുകള്‍ക്കു മുകളിലായി വരുന്ന ആദ്യ നിലകള്‍ റെയില്‍വേ ആവശ്യങ്ങള്‍ക്കു നല്‍കിയ ശേഷം പിന്നീടുളള എട്ടോ പത്തോ നിലകള്‍ ഹോട്ടലുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ നിര്‍മിച്ചു വരുമാനം കണ്ടെത്തണം. സ്റ്റേഷനു പുറത്തുളള റെയില്‍വേ ഭൂമികളില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ വരെ നിര്‍മിക്കാം. 99 വര്‍ഷമാണു പാട്ട കാലവധി. സ്റ്റേഷന്‍ വികസനവും കമ്പനിയുടെ ചുമതലയാകും.
Post Your Comments