കോഴിക്കോട് : അമ്യത് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായ റാം ബയോളജിക്കല്‍സിന് വഴിവിട്ട സഹായം നല്‍കിയത് എ പ്രദീപ് കുമാര്‍ എം.എല്‍.എ ഇടപെട്ടാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. റാം ബയോളജിക്കല്‍സ് എം.ഡി റീനയുടെ കുടുംബവും എം.എല്‍.എയും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്ന് ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖ് ആരോപിച്ചു. എം.എല്‍.എയും കുടുംബവും ഇവര്‍ക്ക് ഒപ്പം വിനോദയാത്ര പോയതിന്റെ ചിത്രങ്ങള്‍ യു.ഡി.വൈ.എഫും പുറത്ത് വിട്ടു.
പ്രധാന നഗരങ്ങളുടെ ആധുനിക വല്‍ക്കരണം ലക്ഷ്യമിട്ടാണ് അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്ന അമൃത് പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചത്. ജലവിതരണ പദ്ധതികള്‍ നടപ്പാക്കല്‍, ഗതാഗത പരിഷ്‌ക്കരണം, ഓടകളുടേയും പൂന്തോട്ടങ്ങളുടേയും നിര്‍മാണം, മലിന ജല സംസ്‌ക്കരണം എന്നിവയാണ് ഇതിലെ പ്രധാന പദ്ധതികള്‍. ചെലവിന്റെ പകുതി കേന്ദ്രസര്‍ക്കാര്‍ വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ മുപ്പത് ശതമാനവും തദ്ധേശ സ്ഥാപനങ്ങള്‍ 20 ശതമാനവും വഹിക്കണം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലും പാലക്കാട്, ഗുരുവായൂര്‍, ആലപ്പുഴ നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടത്.
അമൃത് പദ്ധതയിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോര്‍പറേഷനിലേക്ക് യു.ഡി.വൈ.എഫ് നടത്തിയ മാര്‍ച്ചിനിടെയാണ് എ പ്രദീപ്കുമാര്‍ എംഎല്‍എയ്ക്ക് എതിരെ ആരോപണം ഉന്നയിക്കപ്പെട്ടത്. റാം ബയോളജിക്കല്‍സിന്റെ എംഡി റീനയുമായി എം.എ.എല്‍.എയുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്. ഇത് ഉപയോഗപ്പെടുത്തി എം.എല്‍.എയുടെ വഴിവിട്ട സഹായത്തിലൂടെ റാം ബയോളജിക്കല്‍സ് കരാര്‍ സ്വന്തമാക്കുകയായിരുന്നുവെന്ന് യു.ഡി.വൈ.എഫ് കുറ്റപ്പെടുത്തി. ആരോപണം കോണ്‍ഗ്രസ് നേതൃത്വവും ഏറ്റെടുത്തു. വരും ദിവസങ്ങളില്‍ അമൃത് പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട സമരങ്ങള്‍ എ പ്രദീപ്കുമാറിലേക്ക് കേന്ദ്രീകരിക്കാനാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം.
അതേസമയം നഗരവികസന മന്ത്രാലയം അനുവദിച്ച 2357 കോടി രൂപയില്‍ 1418 കോടി രൂപയുടെ പദ്ധതികള്‍ക്ക് മാത്രമാണ് ഇതുവരെ കരാര്‍ നല്‍കിയത്. എന്നാല്‍ കരാര്‍ നല്‍കിയ പദ്ധതികളില്‍ വളരെക്കുറച്ചെണ്ണത്തിന്റെ നിര്‍മാണം മാത്രമാണ് തുടങ്ങാനായത്. നിര്‍മാണം ഇനിയും വൈകിയാല്‍ പണം നഷ്ടമാകുമെന്ന് കേന്ദ്രം, സംസ്ഥാനത്തിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാനുള്ളത്. 271 എണ്ണത്തില്‍ 39 എണ്ണം മാത്രമാണ് തുടങ്ങാനായത്.
Post Your Comments