KeralaLatest NewsEditorial

കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കി ആന്തൂര്‍ വിവാദം അവസാനിപ്പിക്കുന്നവരോട് : ദയവു ചെയ്ത് ഇനിയും സാജന്‍മാരെ സൃഷ്ടിക്കരുത്

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയും നെടുങ്കണ്ടത്തെ കസ്റ്റഡി മരണവുമാണ് കേരളത്തില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന രണ്ട് പ്രശ്‌നങ്ങള്‍. വന്‍കിടക്കാരുടെ തട്ടിപ്പോ കോഴയോ രാഷ്ട്രീയ ഏറ്റുമുട്ടലോ ഒന്നുമല്ല വെറും സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്നതാണ് രണ്ട് വിഷയവും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് അവരുടെ ജീവനെടുക്കുന്നത് ഒരു ജനാധിപത്യ വ്യവസ്ഥക്ക് ഉചിതമേയല്ല. അതുപോലെ തന്നെയാണ് തന്റെ അധ്വാനഫലം കൊണ്ട് കുറച്ചുകൂടി ഉറപ്പുള്ള ഒരു ജീവിതമാര്‍ഗം തുടങ്ങാനുള്ള ഒരുവന്റെ അവകാശം ലംഘിക്കപ്പെടുന്നതും. കസ്റ്റഡി മരണം ഒറ്റപ്പെട്ട സംഭവമായി കരുതി ക്രിമിനല്‍ മന:സ്ഥിതിയുള്ള പൊലീസിലെ ഒരു വിഭാഗത്തിന്റെ വീഴ്ച്ചയായി കണക്കാക്കാം. പക്ഷേ സെക്രട്ടറിയേറ്റ് മുതല്‍ താഴേക്കിടയിലെ വില്ലേജ് ഓഫീസ് വരെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളോട് ഉത്തരവാദപ്പെട്ടവര്‍ പ്രതികരിക്കുന്ന രീതി അവസാനിപ്പിച്ചേ തീരൂ.

സാജന്‍ എന്ന പ്രവാസിമലയാളി വര്‍ഷങ്ങളുടെ അധ്വാനത്തിന്റെഫലമായി സമ്പാദിച്ച തുക കൊണ്ട് നിര്‍മ്മിച്ച കണ്‍വന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി കെ ശ്യാമള നിസാരമായ ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിച്ചെന്നും നഗരസഭ കയറിയിറങ്ങി മടുത്ത സാജന്‍ മനംനൊന്ത് ആത്മഹത്യ ചെയ്‌തെന്നുമാണ് ആരോപണം. ഇതില്‍ ആദ്യം മുതല്‍ സിപിഎം കാരിയായ നഗരസഭ അധ്യക്ഷ പികെ ശ്യാമള കുറ്റക്കാരിയല്ലെന്ന ന ിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചു. കണ്ണൂരിലെ പാര്‍ട്ടിയിലെ അവസാനവാക്കായ പി ജയരാജന്‍ പോലും അതല്ല ശരിയെന്ന് പറഞ്ഞിട്ടും തിരുത്താന്‍ സിപിഎം തയ്യാറാകുന്നില്ല എന്നത് മറ്റൊരു വിഷയം. എന്തായാലും പാര്‍ട്ടിയില്‍ ഇപി ജയരാജനോളം പ്രബലനായ എംവി ഗോവിന്ദന്റെ ഭാര്യയാണ് പികെ ശ്യാമള. കോടിയേരി കഴിഞ്ഞാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വ്യക്തിയാണ് എംവി ഗോവിന്ദന്‍. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ ഭാര്യയെ സിപിഎം തള്ളിപ്പറയുമെന്ന് കരുതിയതാണ് തെറ്റ്.

sajan 1

എന്തായാലും ഭരണപക്ഷത്തിന്റെ വീഴ്ച്ചയെന്നും സിപിഎമ്മിനെതിരെയുള്ള ആയുധമെന്നുമുള്ള നിലയില്‍ ആന്തൂര്‍ വിവാദം പ്രതിപക്ഷപാര്‍ട്ടികള്‍ കൊഴുപ്പിച്ചതുകൊണ്ട് വിവാദമായ കണ്‍വെന്‍ഷന്‍ സെന്ററിന് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവിറക്കി. ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പ് വരുത്തണമെന്ന നിര്‍ദേശത്തോടെയാണ് ഉത്തരവ്. അന്വേഷണത്തില്‍ നഗരസഭ അധ്യക്ഷ പികെ ശ്യാമള കുറ്റക്കാരിയല്ലെന്നും ഉദ്യോഗസ്ഥരാണെന്നും കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെ നാല് പേരെ അന്വേഷണത്തിന് വിധേയമായി സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കണ്‍വന്‍ഷന്‍ സെന്റിന് അനുമതി നല്‍കിയിരിക്കുന്നത്. anthoor muncipality

നഗരസഭ അധ്യക്ഷ പികെ ശ്യാമളയാണ് സാജനെയും കുടുംബത്തെയും ഏറെ അപമാനിച്ചതെന്നും അവരുടെ നിലപാടില്‍ സാജന്‍ അങ്ങേയറ്റം മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നെന്നും സാജന്റെ ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്തായാലും സര്‍ക്കാരിന് ശ്യാമള കുറ്റക്കാരിയല്ലെന്ന റിപ്പോര്‍ട്ടാണ് കിട്ടിയത്. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍. എന്തായാലും ആന്തൂര്‍ സംഭവത്തില്‍ യഥാര്‍ത്ഥകുറ്റക്കാരി നഗരസഭ അധ്യക്ഷയായായലും ഉദ്യോഗസ്ഥരായാലും നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധികാരികളും ചേര്‍ന്ന് ആത്മഹത്യ ചെയ്തതതും ചെയ്യാത്തതുമായ ഒരുപാട് സാജന്‍മാരെ സൃഷ്ടിക്കുന്നുണ്ട്. പികെ ശ്യാമളയെ രക്ഷിക്കാനാണെങ്കിലും മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ വീഴ്ച്ച ചൂണ്ടിക്കാണിച്ചത് നന്നായി. സാധുക്കളായ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് തുരങ്കമിടുന്ന കീടങ്ങള്‍ മുഖ്യമന്ത്രിയുടെ കണ്‍മുന്നിലുള്ള സെക്രട്ടറിയേറ്റ് മുതല്‍ വില്ലേജ് ഓഫീസ് വരെ അടക്കിവാഴുന്നുണ്ട്. ഒരു വരുമാനസര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പോലും ഓഫീസ ്കയറിയിറങ്ങുകയും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കേണ്ടിയും വന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വന്നതോടെയാണ് ആ അവസ്ഥക്ക് മാറ്റമുണ്ടായത്. partha 1

എന്നിരുന്നാലും സര്‍ക്കാര്‍ ഓഫീസുകള്‍ പൗരാവകാശം മാനിച്ചല്ല പെരുമാറുന്നതെന്ന് ഉറപ്പിച്ചു പറയാം. ചുവപ്പുനാടയില്‍ കുടുങ്ങിയ ആയിരക്കണക്കിന് ജീവിതങ്ങള്‍ ഇപ്പോഴുമുണ്ട്. പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങി സര്‍ക്കാര്‍ സൗകര്യങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ച് സസുഖം വാഴുന്ന ഈ ഉദ്യോഗസ്ഥ വൃന്ദത്തിനുള്ള ശക്തമായ താക്കീതാണ് ആന്തൂര്‍ സംഭവം. ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല നഗരസഭാ അധികാരികള്‍ക്കും പികെ ശ്യാമളയ്ക്ക് മേലുയര്‍ന്ന ആരോപണങ്ങള്‍ ബാധകമാണ്. സ്വന്തം വസ്തുവിലോ വീടിലോ ഉള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ കാരുണ്യംകാത്തിരിക്കേണ്ട ഗതികേട് അവസാനിപ്പിക്കാന്‍ കൂടി സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. സാങ്കേതികമായി ഒരു തടസമില്ലെങ്കിലും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ സീറ്റില്‍ കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ച് അനുകൂലമായ പേപ്പറുകള്‍ ലഭ്യമാക്കുക എന്നത് വലിയൊരു കടമ്പയാണ് ഇന്നും. പണ്ട് സെക്രട്ടറിയേറ്റില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് കയറിയിറങ്ങി മടുത്തപ്പോഴാണ് ചെമ്മനം ചാക്കോ ആളില്ല കസേരകള്‍ എന്ന ആക്ഷേപകവിത എഴുതിയതെന്നോര്‍ക്കുക. അന്നത്തെ മുഖ്യമന്ത്രിക്ക് അതിന്റെ ഗൗരവം മനസിലാക്കാന്‍ കഴിഞ്ഞു എന്നത് വേറെ കാര്യം. എന്തായാലും ആന്തൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഉയരുന്നത് പഴയ അതേ ആവശ്യമാണ്, സര്‍ ദയവായി ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കി ജീവിക്കാനും പ്രവൃത്തിക്കാനുമുള്ള അനുമതിയും അവസരവും ഉറപ്പാക്കുക എന്നത് തന്നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button