
മലപ്പുറം : അമ്മയും കുഞ്ഞും ഉള്‍പ്പെടുന്ന കുടുംബത്തെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ മർദ്ദിച്ചു. പാര്‍ട്ടി ഓഫീസിലേക്ക് വഴി നല്‍കിയില്ല എന്ന കാരണത്താലാണ് പ്രവർത്തകർ വീട്ടിൽക്കയറി കുടുംബത്തെ ആക്രമിച്ചത്. പുതിയകോട്ടയിലെ ടൗണ്‍ഹാള്‍ പരിസരത്ത് താമസിക്കുന്ന അബ്ദുള്‍ ഹമീദ്, ഭാര്യ കുഞ്ഞിപാത്തു, മകന്‍ അബ്ദുള്‍ ബാസിദ്, മകള്‍ ഷര്‍ബാനു, മൂന്ന് വയസുള്ള പേരമകന്‍ എന്നിവർക്കാണ് മർദ്ദനമേറ്റത്.
പരിക്കേറ്റ കുടുംബത്തെ ജില്ലാ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.ലീഗിന്റെ കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റും നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എംപി ജാഫര്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എന്നിവരാണ് അക്രമികള്‍ക്ക് നേതൃത്വം നല്‍കിയത്.
പരിക്കേറ്റ അബ്ദുള്‍ ഹമീദുമായി പാര്‍ട്ടിക്കാര്‍ വഴിത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ വീടിനു അടുത്തായി ലീഗിന്റെ ഓഫീസിന് വേണ്ടി മൂന്ന് സെന്റ് സ്ഥലം വാങ്ങിയിരുന്നു. എന്നാല്‍ ഇവിടേക്ക് പോകാന്‍ ഹമീദിന്റെ വീട് വഴിയല്ലാതെ വേറെ വഴിയില്ല. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ കേസ് നിലവിലുണ്ട്.ഇതിന്റെ പേരില്‍ വീട്ടുകാരെ ഇവര്‍ നിരന്തം ഭീഷണിപ്പെടുത്തുകയും ഇവര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു.കേസില്‍ ലീഗുകാര്‍ കക്ഷി ചേര്‍ന്ന് കോടതിയില്‍ നിന്നും കമ്മീഷനേയും വച്ചിരുന്നു. കമ്മീഷന്റെ അന്വേഷണം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആക്രമണം നടന്നത്.
Post Your Comments