Latest NewsIndia

സമ്പദ്‌വ്യവസ്ഥ താറുമാറാകുന്നു; രാജ്യം ആഗോളമാന്ദ്യത്തിലേക്ക് നീങ്ങുന്നതായി സാമ്പത്തിക ശാസ്ത്രജ്ഞന്‍

ന്യൂഡല്‍ഹി : യു.എസും ചൈനയും തമ്മിലുള്ള വ്യാപാരലഹളയും എണ്ണവിലയില്‍ ഉണ്ടായേക്കാവുന്ന വര്‍ധനയും കാരണം അടുത്തവര്‍ഷം വീണ്ടും ആഗോളമാന്ദ്യം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. 2008-ലെ ആഗോളമാന്ദ്യം 2006-ല്‍തന്നെ പ്രവചിക്കുകയും അങ്ങനെ ‘ഡോക്ടര്‍ ഡൂം’ (വിനാശത്തിന്റെ പ്രവാചകന്‍) എന്ന ദുഷ്‌പേര് നേടുകയും ചെയ്ത സാമ്പത്തികശാസ്ത്രജ്ഞന്‍ ഡോ. നൂറിയെല്‍ റൂബിനിയാണ് ഈ കാര്യം പറയുന്നത്.

ഓഹരിവിപണികള്‍ ഒന്നും സൂചിപ്പിക്കുന്നില്ലെങ്കിലും ആഗോള സമ്പദ്വ്യവസ്ഥ ഭീതിദമായ അവസ്ഥയിലൂടെ കടന്നുപോവുകയാണെന്ന് റൂബിനി മുന്നറിയിപ്പ് നല്‍കി. ‘വ്യാപാരയുദ്ധവും സാങ്കേതികവിദ്യായുദ്ധവും ശീതയുദ്ധവും ഒന്നിച്ചുചേര്‍ന്ന് ആഗോളീകരണംതന്നെ ഇല്ലാതാക്കും, ആഗോള സമ്പദ്വ്യവസ്ഥയെ അത് ശിഥിലമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. ആഗോളീകരണത്തില്‍നിന്ന് പിന്‍വാങ്ങുന്ന ഘട്ടത്തിലാണ് ലോകമിന്ന്. അതിനാല്‍ ചൈനയും യു.എസും തമ്മിലുള്ള പോര് യു.എസും സോവിയറ്റ് യൂനിയനും തമ്മിലുള്ളതിനെക്കാള്‍ വഷളായിരിക്കും. മറ്റ് ലോകരാഷ്ട്രങ്ങള്‍ ഏതെങ്കിലും ഒരു ചേരിയില്‍ നില്‍ക്കാന്‍ നിര്‍ബന്ധിതരാകും. റൂബിനി മുന്നറിയിപ്പ് നല്‍കുന്നു.

കാര്യങ്ങള്‍ അലങ്കോലമാകുമ്പോള്‍ പ്രശ്‌നപരിഹാരത്തിന് കേന്ദ്രബാങ്കുകള്‍ ഇടപെടുമെന്ന് വിപണികള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പലിശനിരക്കുകള്‍ കുറച്ചുകൊണ്ടാണ് കേന്ദ്രബാങ്കുകള്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുക. പക്ഷേ, മിക്ക രാജ്യങ്ങളിലും പലിശനിരക്കുകള്‍ ഇപ്പോള്‍ പൂജ്യത്തിനടുത്തായതിനാല്‍ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല. പോരെങ്കില്‍ പല വികസിതരാജ്യങ്ങളിലും കടബാധ്യതകളുടെ നില വളരെ ഉയരത്തിലാണെന്നതും പ്രശ്‌നങ്ങളെ വഷളാക്കും.

ന്യൂയോര്‍ക്ക് യൂനിവേഴ്സിറ്റിയില്‍ സാമ്പത്തികശാസ്ത്ര അധ്യാപകനായ റൂബിനി ഐ.എം.എഫ്, ലോക ബാങ്ക്, അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്, ബാങ്ക് ഓഫ് ഇസ്രയേല്‍ എന്നിവയുടെ ഉപദേശകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബില്‍ ക്ലിന്റണ്‍ ഭരണകാലത്ത് സാമ്പത്തിക ഉപദേഷ്ടാക്കളുടെ സമിതിയില്‍ സീനിയര്‍ ഇക്കോണമിസ്റ്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button