പത്തനംതിട്ട: ശബരിമല റോഡ് നവീകരണത്തിന്റെ പേരിൽ അരങ്ങേറുന്നത് വ്യാപക പകൽക്കൊള്ള. കരാറുകാരുടെ തട്ടിപ്പിന് ഉദ്യോഗസ്‌ഥരുടെ ഒത്താശകൂടിയാകുന്നതോടെ ശബരിമല റോഡ് നവീകരണത്തിന്റെ പേരില്‍ ഓരോവര്‍ഷവും അരങ്ങേറുന്നതു കോടികളുടെ അഴിമതിയാണ്.വെട്ടിപ്പിന് ഏറ്റവും പുതിയ ഉദാഹരണം 17 കോടി രൂപ ചെലവിട്ടു നിര്‍മിച്ച മണ്ണാറകുളഞ്ഞി- ചെങ്ങറ 13 കിലോമീറ്റര്‍ റോഡ്. എന്നാല്‍ ഉപയോഗിച്ചത് നിലവാരം കുറഞ്ഞ പാറമക്കും മെറ്റലും മാത്രമാണെന്നാണ് ആക്ഷേപം. 300 മീറ്റര്‍ നീളവും 25 അടി ഉയരവുമുള്ള സംരക്ഷണ ഭിത്തി നിര്‍മിച്ചത് റോഡ് വശങ്ങളിലെ പുറമ്പോക്കില്‍നിന്നു പൊട്ടിച്ചെടുത്ത കാട്ടുകല്ല് ഉപയോഗിച്ചാണെന്നും പരാതിയുണ്ട്.
പഴയ ടാറിങ് പൂര്‍ണമായും ഇളക്കി ഒരു കിലോമീറ്റര്‍ അകലെ നിക്ഷേപിച്ച ശേഷമേ റോഡ് നിരപ്പാക്കലും ടാറിങ്ങും പാടുള്ളൂവെന്നാണ് എസ്‌റ്റിമേറ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ടാറിങ് ഇളക്കി റോഡിന്റെ ഓരത്ത് കൂട്ടിയിടുകയാണ് പതിവ്. തുടര്‍ന്ന് വശം കോണ്‍ക്രീറ്റ് ചെയ്യുന്നതിന് മുന്നോടിയായി പഴയ ടാര്‍ നിരത്തി മുകളില്‍ സിമെന്റ് ഇടും. ബിറ്റുമിന്‍ മെക്കാഡവും കോണ്‍ക്രീറ്റും 60 ഡിഗ്രി ചൂടാക്കിവേണം ഉപയോഗിക്കേണ്ടത്. വിദൂര പ്ലാന്റില്‍നിന്നു നിര്‍മാണ സ്‌ഥലത്തേക്ക് ടാര്‍മിശ്രിതം എത്തിക്കുമ്ബോള്‍ നിശ്‌ചിതതാപം നിലനിര്‍ത്താന്‍ 90 ഡിഗ്രിവരെ ചൂടാക്കും. ഇതുമൂലം ടാറില്‍ കരിയുടെ അംശം കൂടും. ഇതോടെ മെറ്റലിനുള്ളിലേക്ക് ടാര്‍ ഉരുകി ഇറങ്ങാനുള്ള സാധ്യതയും കുറയുന്നു.
കനത്തമഴയിലും ഭാരവാഹനങ്ങള്‍ പോകുമ്പോഴും റോഡ് നശിക്കാന്‍ ഇതാണ് കാരണം.ബിറ്റുമിന്‍ മെക്കാഡത്തിനു മുകളില്‍ ബിറ്റുമിന്‍ കോണ്‍ക്രീറ്റ് ചെയ്യുമ്ബോള്‍ ഇവ രണ്ടും യോജിക്കാതെ തെന്നിമാറുന്നുവെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ അനില്‍ കാറ്റാടിക്കല്‍ വിജിലന്‍സിന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. മണ്ണാറകുളഞ്ഞി- ചെങ്ങറ റോഡിന് ലൈന്‍ ഇടാന്‍മാത്രം അനുവദിച്ചത് 18.38 ലക്ഷം രൂപയാണെന്ന് രേഖകളില്‍ വ്യക്‌തം.
ഓടകള്‍ക്കും സ്ലാബുകള്‍ക്കും ഫുട്‌പാത്തുകള്‍ക്കും നിശ്‌ചിത നിലവാരമില്ലെന്നും ആക്ഷേപമുണ്ട്.
ഇക്കുറി ശബരിമല റോഡുകളുടെ നവീകരണത്തിന് 200 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആദ്യരണ്ടു ഘട്ടങ്ങളില്‍ ക്രമക്കേടു നടത്തിയശേഷം ബിറ്റുമിന്‍ കോണ്‍ക്രീറ്റിങ് മാത്രം ഭംഗിയാക്കി കണ്ണില്‍ പൊടിയിടുന്ന കരാറുകാര്‍ക്ക് അധികൃതര്‍ കൂട്ടുനില്‍ക്കുന്നതായാണു പരാതി. മംഗളം ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments