തെഹ്റാന്: ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ കൂടുതല്‍ ആണവ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനവുമായി ഇറാന്. 2015-ല്‍ അമേരിക്കയും മറ്റ് ലോകരാജ്യങ്ങളുമായി ഒപ്പുവെച്ച കരാറിലെ പരിധി പരിഗണിക്കാതെ യുറേനിയം സമ്പുഷ്ടീകരണം നടത്തുമെന്നും മൂന്നു ദിവസത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നും ഇറാന് പ്രസിഡണ്ട് ഹസ്സന് റൂഹാനി പറഞ്ഞു.
അറാക് നഗരത്തിലെ ആണവ റിയാക്ടറിന്റെ ഉള്‍വശം 2015-ലെ കരാറിനെ തുടര്‍ന്ന് സിമന്റുപയോഗിച്ച് അടച്ചിരുന്നു. കരാര്‍ പാലിക്കാന്‍ അമേരിക്ക തയ്യാറാകാത്തപക്ഷം റിയാക്ടര്‍ പൂര്‍ണസജ്ജമാക്കാന്‍ ഞങ്ങള്‍ക്കു കഴിയും. ജൂലൈ ഏഴ് മുതല്‍ അറാക് നിലയം മുമ്പത്തെ അവസ്ഥയില്‍ സജ്ജീകരിക്കുമെന്നും റൂഹാനി പറഞ്ഞു. 2015-ലെ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറി തങ്ങള്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കയെ പ്രകോപിപ്പിക്കാനുദ്ദേശിച്ചുള്ളതാണ് റൂഹാനിയുടെ പ്രസ്താവന എന്നു കരുതുന്നു.
ആണവായുധം നിര്‍മാക്കാനാവശ്യമായ പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിക്കാന്‍ തങ്ങള്‍ക്കു കഴിവുണ്ടെന്നും എന്നാല്‍ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം പുനഃപരിശോധിക്കാന്‍ അമേരിക്ക തയ്യാറായാല്‍ വിട്ടുവീഴ്ചക്ക് സന്നദ്ധമാണെന്നും റൂഹാനി വ്യക്തമാക്കി. കരാര്‍ പാലിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക വേണ്ടത്ര അളവില്‍ യുറേനിയം സമ്പുഷ്ടീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് മേഖലയിലേക്ക് യുദ്ധവിമാനങ്ങളും കൂടുതല്‍ സൈനികരെയും അയച്ച ട്രംപിന്റെ നീക്കം മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. ഇതിനിടയിലാണ് റൂഹാനി ശക്തമായ താക്കീതുമായി രംഗത്തു വന്നിരിക്കുന്നത്.
Post Your Comments