ദോഹ : ഖത്തറിൽ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. പൊടി നിറഞ്ഞ വടക്ക് പടിഞ്ഞാറൻ കാറ്റ് (അൽ ബവാരി) നാളെ മുതൽ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. അടുത്ത ആഴ്ച ആദ്യം വരെയാകും അൽ ബവാരി ശക്തമാകുക. മണിക്കൂറിൽ 12 മുതൽ 22 നോട്ടിക് മൈലും ചിലയിടങ്ങളിൽ 30 നോട്ടിക് മൈലുമായിരിക്കും കാറ്റിന്റെ വേഗം. പൊടി ഉയരുന്നതിനാൽ ദൂരക്കാഴ്ച ചിലയിടങ്ങളിൽ 3 കിലോമീറ്ററോളം കുറയുവാനും സാധ്യതയുണ്ട്. അതോടൊപ്പം തന്നെ തിരമാല 5 മുതൽ 7 അടി ഉയരുവാനും സാധ്യത കാണുന്നു.
ചില സ്ഥലങ്ങളിൽ പകൽ താപനില നേരിയ തോതിൽ ഉയരും. പരമാവധി താപനില 41നും 47 ഡിഗ്രി സെൽഷ്യസിനും ഇടയിലും, രാത്രിയിൽ കുറഞ്ഞ താപനില 29നും 34 നും ഇടയിലുമാകും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കടൽ യാത്ര ഒഴിവാക്കണമെന്നും, നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ജൂൺ ആദ്യം മുതൽ ജൂലൈ പകുതി വരെയാണ് അൽ ബവാരി കാറ്റ് വീശുക. 40 ദിന കാറ്റെന്നും അൽ ബവാരി അറിയപ്പെടുന്നു. പകൽ സമയം പൊടിക്കാറ്റ് ശക്തമാകുകയും രാത്രിയോടെ ദുർബലപ്പെടുകയും ചെയ്യുന്നതാണ് അൽ ബവാരിയുടെ ശൈലി.
Post Your Comments