കണ്ണൂര്‍: മലബാറില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പഠനം വന്‍ പ്രതിസന്ധിയില്‍. മലബാറിലെ ആറ് ജില്ലകളിലായി പ്ലസ് വണ്ണിന് അപേക്ഷിച്ചത് 2,49,843 വിദ്യാര്‍ഥികളാണ്. അപേക്ഷകരേക്കാള്‍ 83,339 സീറ്റുകള്‍ കുറവായതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ 30 ശതമാനം സീറ്റ് വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ 2,15,672 സീറ്റുകളുണ്ടെങ്കിലും 34, 171 വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ല.
അതേസമയം, 30 ശതമാനം സീറ്റ് വര്‍ധിപ്പിച്ച ഉത്തരവ് ഈഅധ്യായന വര്‍ഷത്തേക്ക് മാത്രം ബാധകമായതാണ്. പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചിട്ടും മലബാറിലെ ആറ് ജില്ലകളില്‍ മുപ്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ലഭിച്ചില്ല. തെക്കന്‍ ജില്ലകളില്‍ ആറായിരത്തിലേറെ സീറ്റുകള്‍ അധികമുള്ളപ്പോഴാണ് മലബാറിലെ പ്രതിസന്ധി. സംസ്ഥാനത്താകെ 30 ശതമാനം വര്‍ധന എന്ന രീതി മാറ്റി പത്താം ക്ലാസ് പാസ്സാകുന്നവരുടെ എണ്ണത്തിനനുസരിച്ചുള്ള വര്‍ധനവുണ്ടായാലേ പ്രതിസന്ധി പരിഹരിക്കാനാകു.
സീറ്റ് വര്‍ധനവിന് സ്ഥിര പരിഹാരം ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍. പത്തനംതിട്ട, കോട്ടയം എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 6940 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. സീറ്റ് വര്‍ധനവ് ഉണ്ടാകുന്നതോടെ ആളില്ലാത്ത സീറ്റുകളുടെ എണ്ണവും കൂടും. അതേസമയം പത്താം ക്ലാസ് പാസ്സായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠന സൗകര്യമൊരുക്കുമെന്നും നടപടികള്‍ തുടങ്ങിയെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
Post Your Comments