KeralaLatest News

വലയില്‍ കുരുങ്ങിയ ഒലിവ് റെഡ്‌ലി കടലാമകള്‍ക്ക് രക്ഷകരായി മത്സ്യത്തൊഴിലാളികള്‍; ഇനി കടലാമ സംരക്ഷണ കേന്ദ്രത്തില്‍ സുഖവാസം

കാഞ്ഞങ്ങാട്: വലയില്‍ കുരുങ്ങിയ കടലാമകളെ മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. കാഞ്ഞങ്ങാട് കടപ്പുറം ഗുരുജി ക്ലബ്ബിനു സമീപത്താണ് സംഭവം. കടലില്‍ വല ഒഴുകി നടക്കുന്നത് കണ്ട മത്സ്യത്തൊഴിലാളികള്‍ നല്ല വലയാണെന്ന് കരുതി നീന്തിയെടുത്തപ്പോഴാണ് വലയില്‍ കുടുങ്ങിയ നിലയില്‍ കടലാമകളെ കണ്ടെത്തിയത്. ഉടന്‍ തന്നെ കരക്കെത്തിച്ച് വല മുറിച്ചു മാറ്റി ആമകളെ രക്ഷപ്പെടുത്തുകയായിരുന്നു. വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റെഡ്‌ലി ഇനത്തില്‍പ്പെട്ട അപൂര്‍വ്വയിനം ആമകളായിരുന്നു ഇത്.

ആമകള്‍ക്ക് 50 കിലോ തൂക്കമുണ്ട്. നെയ്തല്‍ പ്രവര്‍ത്തകരെത്തി തൈക്കടപ്പുറത്തെ കടലാമ സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു. കാഞ്ഞങ്ങാട് കടപ്പുറത്തെ പ്രവീണ്‍ രമേശ്, സത്യന്‍, പ്രകാശന്‍, പ്രജിത്ത്, പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് കടലാമകളെ രക്ഷപ്പെടുത്തിയത്. പൊട്ടിയ വലയില്‍ കുടുങ്ങി കഴിഞ്ഞ ദിവസം തൈക്കടപ്പുറത്തെ കല്ലിനടിയില്‍ നിന്നു രണ്ടു കടലാമകളെ കണ്ടെത്തിയിരുന്നു. മത്സ്യ തൊഴിലാളികളാണ് ഈ കടലാമകളെയും രക്ഷപ്പെടുത്തിയത്. കടലില്‍ ഉപേക്ഷിക്കുന്ന വലകളും കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളുമാണ് കടലാമകള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നത്.

കഴിഞ്ഞ മാസം 16ന് അജാനൂര്‍ കടപ്പുറത്ത് രണ്ടു കടലാമകളാണ് പരുക്കേറ്റ നിലയില്‍ കരയ്ക്കടിഞ്ഞത്. ഈ വര്‍ഷം ഇതുവരെയായി 7കടലാമകളാണ് പരുക്കേറ്റു കരയിലെത്തിയത്. ഇതില്‍ രണ്ടെണ്ണത്തിനു പ്രഥമ ശുശ്രൂഷ നല്‍കി കടലിലേക്ക് വിട്ടിരുന്നു. സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ മൂന്നെണ്ണത്തില്‍ രണ്ടെണ്ണം ചത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button