ന്യൂഡല്‍ഹി : പാക്കിസ്ഥാന്‍ വ്യോമ പാത അടച്ച് ഇന്ത്യന്‍ വിമാനങ്ങള്‍ക്കു പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജൂലൈ രണ്ടു വരെ എയര്‍ ഇന്ത്യയ്ക്കുണ്ടായ നഷ്ടം 491 കോടി. വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യസഭയില്‍ അറിയിച്ചതാണിക്കാര്യം. സ്വകാര്യ വിമാന കമ്പനികളായ സ്‌പൈസ് ജെറ്റിന് 30.73 കോടി രൂപയും ഇന്‍ഡിഗോയ്ക്ക് 25.1 കോടിയും ഗോ എയറിന് 2.1 കോടിയും നഷ്ടമുണ്ടായി.
അതേസമയം അനിശ്ചിതകാലത്തേയ്ക്ക് വ്യോമപാത അടച്ചിട്ടതിലുടെ പാക്കിസ്ഥാനും കോടികളുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏകദേശം 100 മില്യണ്‍ ഡോളറിന്റെ (ഏകദേശം 700 കോടി ഇന്ത്യന്‍ രൂപ) നഷ്ടമാണ് പാകിസ്ഥാന് ഉണ്ടായത്. വ്യോമാതിര്‍ത്തി അടച്ചതുമൂലം നിരവധി വിദേശ വിമാനക്കമ്പനികള്‍ ഇതിനകം തന്നെ ഈ മേഖലയിലെ ചില വിമാനങ്ങള്‍ വെട്ടിക്കുറയ്ക്കുകയോ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഒരു ദിവസം 400 ഓളം വിമാനങ്ങളാണ് പാക് വ്യോമാതിര്‍ത്തിയിലൂടെ പറന്നിരുന്നത്.
ഫെബ്രുവരി 26ന് ഇന്ത്യ നടത്തിയ ബാലാക്കോട്ട് വ്യോമാക്രമണത്തെ തുടര്‍ന്നാണ് സ്വന്തം വ്യോമാതിര്‍ത്തി പാക്കിസ്ഥാന്‍ അടച്ചത്. ആകെയുള്ള 11 വ്യോമപാതകളില്‍ ദക്ഷിണ മേഖലയിലൂടെയുള്ള രണ്ടു പാതകള്‍ മാത്രമാണ് പാക്കിസ്ഥാന്‍ തുറന്നത്. മുഴുവന്‍ വ്യോമപാതയും പാക്കിസ്ഥാന്‍ തുറന്നാല്‍ മാത്രമേ വിമാനങ്ങള്‍ക്കു പ്രയോജനമുണ്ടാകൂവെന്ന് ഹര്‍ദീപ് സിങ് പുരി പറഞ്ഞു.ഇന്ത്യന്‍ ആകാശപാതകളില്‍ ഏര്‍പ്പെടുത്തിയ എല്ലാ വിലക്കുകളും നീക്കിയതായി മേയ് 31ന് വ്യോമസേന അറിയിച്ചിരുന്നു. ഇന്ത്യയുടെ വിലക്കു മൂലം യുഎസ്, യൂറോപ്പ് തുടങ്ങിയിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളും പ്രതിസന്ധി നേരിട്ടിരുന്നു.
Post Your Comments