Latest NewsKerala

കോഴിക്കോട് നിന്നും വോട്ടറായി നരേന്ദ്രമോദിയും; വോട്ടര്‍പ്പട്ടികയില്‍ വ്യാജന്മാര്‍ പെരുകുന്നു

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് സൈറ്റിലാണ് ഓണ്‍ലൈനായി ഇങ്ങനെയൊരപേക്ഷയെത്തിയത്

 

കോഴിക്കോട്: വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള ഓണ്‍ലൈന്‍ അപേക്ഷയില്‍ വ്യാജന്മാര്‍ പെരുകുന്നു. കോഴിക്കോട് നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലാണ് അപേക്ഷയെത്തിയത്. ഫോട്ടോയുടെ സ്ഥാനത്ത് ഒരു പാണ്ടയുടെ ചിത്രമാണ് ചേര്‍ത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് സൈറ്റിലാണ് ഓണ്‍ലൈനായി ഇങ്ങനെയൊരപേക്ഷയെത്തിയത്.

വയസ്സും ജനനതീയതിയും മൊബൈല്‍ നമ്പറുമൊക്കെയുള്ള അപേക്ഷയില്‍ സ്ഥലപേരായി ചായക്കട എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വില്ലേജിന്റെ പേര് ഗുജറാത്ത് എന്നും നല്‍കിയിട്ടുണ്ട്. എന്നാല്‍ പോസ്റ്റ് ഓഫീസായി കാണിച്ചിരിക്കുന്നത് കോഴിക്കോടാണ്. വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷയില്‍ ഇത്തരത്തില്‍ വ്യാജപ്പേരുള്ള അപേക്ഷകള്‍ പലതും ഉണ്ടാവാറുണ്ട്. എന്നാല്‍ അതിപ്പോള്‍ പ്രധാനമന്ത്രിയെ വരെ അപമാനിക്കുന്ന വിധത്തിലേക്കെത്തിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് തുടര്‍നടപടിയെടുക്കേണ്ടത് താലൂക്ക് ഓഫീസുകളിലാണ്. അങ്ങനെ അപേക്ഷകള്‍ പരിശോധിക്കുന്നതിനിടയിലാണ് കോഴിക്കോട് താലൂക്ക് ഓഫീസില്‍ മോദിയുടെ പേരിലുള്ള വ്യാജ അപേക്ഷ ശ്രദ്ധയില്‍പ്പെട്ടത്. ഇതില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ പ്രതികരണവുമില്ല. വ്യാജപേരുകളിലും വിലാസങ്ങളിലും വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടാന്‍ അപേക്ഷ നല്‍കുന്നത് തടയാന്‍ സംവിധാനമില്ലാത്തതാണ് ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. ഒരു അപേക്ഷയും പരിശോധനയില്ലാതെ വിടരുതെന്നാണ് നിര്‍ദേശം. താലൂക്ക് ഓഫീസില്‍ പരിശോധിക്കുന്ന അപേക്ഷയില്‍ അന്വേഷണറിപ്പോര്‍ട്ട് നല്‍കാനുള്ള ചുമതല ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണ്. ഒരിടത്ത് വോട്ടുള്ളയാള്‍ അക്കാര്യം മറച്ചുവെച്ച് മറ്റൊരിടത്ത് വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിച്ചാല്‍, രണ്ടിടത്തും വോട്ടു ചെയ്യാവുന്ന സ്ഥിതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്ന ഘട്ടത്തില്‍ത്തന്നെ നിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തിയാലേ ഇത്തരം ഇരട്ടിപ്പുകള്‍ ഒഴിവാക്കാനാവൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button