Latest NewsIndia

ആര്‍ത്തവ സമയത്ത് ജോലി ചെയ്യണം ; തുണിമില്ലിലെ സൂപ്പര്‍വൈസര്‍ തകർത്തത് അമ്മയെന്ന സ്വപ്‌നത്തെ

കോയമ്പത്തൂര്‍ : ആര്‍ത്തവ സമയത്തും സ്ത്രീകളായ തൊഴിലാളികൾ ജോലി ചെയ്യനായി തമിഴ്‌നാട്ടിലെ തുണിമില്ലുകളിലെ സൂപ്പര്‍വൈസര്‍മാർ ചെയ്യുന്ന ക്രൂരതയാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹവുമായി ദിണ്ടിഗല്‍ സ്വദേശി ജീവ പല ഡോക്ടർമാരെയും കണ്ടു. നാലുവർഷത്തിനിടെ പ്രത്യേകിച്ച് ഒരു മാറ്റവും സംഭവിച്ചില്ല.

എന്നാൽ ദീർഘ നാളത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി ഉണ്ടാവാത്തതിന്റെ കാരണം ഡോക്ടർമാർ കണ്ടെത്തി. തുണിമില്ലുകളില്‍ ജോലി ചെയ്തിരുന്ന സമയത്ത് സൂപ്പര്‍വൈസര്‍ നല്‍കിയ ചില മരുന്നുകളാണ് ജീവയെ വന്ധ്യതയെന്ന അവസ്ഥയിലാക്കിയത്.

ആർത്തവ സമയത്ത് പലരും ശാരീരിക ബുദ്ധിമുട്ടുകൾകൊണ്ട് ജോലി കൃത്യമായി ചെയ്തിരുന്നില്ല. അങ്ങനെ സംഭവിക്കാതിരിക്കാനാണ് സൂപ്പര്‍വൈസര്‍മാര്‍ ഗുളികകള്‍ നല്‍കുന്നതെന്നാണ് ജീവ പറയുന്നത്. കഠിനമായ വയറുവേദന കുറക്കണം, ജോലി തീര്‍ക്കണം ഈ ഉദേശമാണ് അപ്പോൾ ഇതിന്റെ ദോഷവശങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് അവർ പറയുന്നു.ആര്‍ത്തവ ദിവസങ്ങളില്‍ കടുത്ത വേദനകൊണ്ട് പുളഞ്ഞ് അവധി ചോദിക്കുമ്പോള്‍ സുപ്പര്‍വൈസര്‍മാര്‍ ഗുളിക നല്‍കുമെന്ന് തുണിമില്ലുകളില്‍ ജോലി ചെയ്യുന്ന മറ്റ് സ്ത്രീകളും വിശദമാക്കുന്നു.

വര്‍ഷങ്ങളായി ഈ മരുന്നുകള്‍ കഴിക്കുന്നവര്‍ ഗര്‍ഭിണികളാവുന്നില്ല. തമിഴ്നാട്ടിലെ തിരുപ്പൂരും ദിണ്ടിഗല്ലിലുമൊക്കെ പ്രവര്‍ത്തിക്കുന്ന തുണിമില്ലുകളില്‍ ഇത്തരം വേദനാസംഹാരികളുടെ ഉപയോഗം വ്യാപകവും സര്‍വ്വസാധാരണവുമാണെന്നാണ് ജീവ പറയുന്നത്. തമിഴ്നാട്ടില്‍ ലക്ഷക്കണക്കിന് വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യവസായ മേഖലയായ വസ്ത്ര നിര്‍മ്മാണ മേഖലയെക്കുറിച്ചാണ് ഗുരുതര ആരോപണം ഉയരുന്നത്.

ടൈം കീപ്പര്‍മാര്‍ എന്നറിയപ്പെടുന്ന സൂപ്പര്‍വൈസര്‍മാരാണ് ഇത്തരം മിക്ക മില്ലുകളിലും ജോലി നിയന്ത്രിക്കുന്നത്. ഓരോ തൊഴിലാളിയെയും ഇവർ നിരീക്ഷിച്ചുകൊണ്ടിരിക്കും. ശുചിമുറിയില്‍ പോകുന്ന സമയം ഇവർ നിരീക്ഷണത്തിലാണ്.പലപ്പോഴും തൊഴിലാളികള്‍ ഡബിള്‍ ഷിഫ്റ്റുകളിലും ജോലി ചെയ്യേണ്ടതായി വരും.ഒരുദിവസം ജോലി ചെയ്തില്ലെങ്കില്‍ നഷ്ടമാവുക 250 രൂപയാണെന്ന് ജീവ പറയുന്നു. ഇതിന് പുറമേ മാസാവസാനം ലഭിക്കുന്ന 750 രൂപ ബോണസും നഷ്ടമാകും. പണമില്ലാത്തവർ ബുദ്ധിമുട്ടുകൾ മനപൂർവം മറന്ന് ജോലിക്കെത്തും.

1948 ലെ ഫാക്ടറീസ് ആക്ട് അനുസരിച്ച് ഇത്തരം വസ്ത്രനിര്‍മാണ യൂണിറ്റുകളില്‍ മെഡിക്കല്‍ ഡിസ്പെന്‍സറികള്‍ വേണം. ക്വാളിഫൈഡ് നഴ്സിന്റെ സേവനവും ഇവിടെ ലഭ്യമാക്കണം. പക്ഷേ, തിരുപ്പൂര്‍ ഉള്‍പ്പെടെയുള്ള മിക്ക സ്ഥലങ്ങളില്‍ ഈ നിയമങ്ങളെല്ലാം ലംഘിക്കപ്പെടുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ വിശദമാവുന്നത്. സംഭവത്തെക്കുറിച്ച് പ്രതികരണം ചോദിച്ചപ്പോള്‍ ഇത്തരം അശാസ്ത്രീയ സംവിധാനങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് മില്‍ ഉടമകള്‍ പ്രതികരിക്കുന്നത്. എന്നാല്‍ മില്ലുകളില്‍ ഇത്തരം സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇരകളാക്കപ്പെടുന്ന സ്ത്രീകളും മനുഷ്യാവകാശ പ്രവര്‍ത്തകരും വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button