ന്യൂഡല്‍ഹി : ഹജ്, ഉംറ തീര്‍ഥാടനത്തിനു സേവന നികുതി ഈടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഹജ് കമ്മിറ്റി വഴി പോകുന്നവര്‍ക്കു മാത്രം സേവന നികുതിയില്‍ ഇളവ് അനുവദിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള ഹജ് ഉംറ ഓപ്പറേറ്റര്‍മാരുടെ സംഘടന നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എല്‍. നാഗേശ്വരറാവു, ജസ്റ്റിസ് ഹേമന്ത് ഗുപ്ത എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഇതിനെതിരെയാണ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നല്കുന്ന അതേ സേവനം തന്നെയാണ് തങ്ങളും നല്‍കുന്നത് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഹര്‍ജിക്കാര്‍ക്കു വേണ്ടി ദുഷ്യന്ത് ദവേ, ഹാരിസ് ബീരാന് എന്നിവര്‍ ഹാജരായി. അതേസമയം കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ് വിമാനം ജൂലൈ ഏഴിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. നാലു വര്‍ഷത്തിന് ശേഷമാണ് കരിപ്പൂരില്‍ നിന്ന് ഹജ് വിമാന സര്‍വീസ് പുനരാരംഭിക്കുന്നത്.
വിമാനത്താവളത്തിലെ പഴയ ആഗമന ഹാളില്‍ തീര്‍ത്ഥാടകര്‍ക്ക് പുറപ്പെടാനായി സൗകര്യമൊരുക്കും. മുന്‍പ് ഹജ് ഹാളായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. കൂടുതല്‍ സൗകര്യങ്ങള്‍ പരിഗണിച്ചാണ് പുതിയ മാറ്റം .എമിഗ്രേഷന്‍ പരിശോധന ഈ ഹാളില്‍ ആയിരിക്കും നടക്കുക. ഇതിനായി 48 മണിക്കൂര്‍ മുമ്പ് എമിഗ്രേഷന്‍ വിഭാഗത്തിന് ഹജ് കമ്മിറ്റി തീര്‍ത്ഥാടകരുടെ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറണം .
Post Your Comments