കൊച്ചി: ഓട്ടോറിക്ഷകളില്‍ പരിചിതമല്ലാത്ത നഗരങ്ങളില്‍ യാത്ര ചെയ്യുന്നത് പലര്‍ക്കും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. പ്രധാനമായും ഡ്രൈവര്‍മാരുമായി തര്‍ക്കിക്കേണ്ടി വരുമോ, അധിക ചാര്‍ജ് ഈടാക്കുമോയെന്നൊക്കെയാണ് യാത്രക്കാരില്‍ പലരുടെയും ആശങ്ക. ഡ്രൈവര്‍മാരുടെ കാര്യവും ഏതാണ്ട് ഇതുപോല തന്നെയാണ്. നിരക്ക് പുതുക്കിയ കാര്യം യാത്രക്കാരന്‍ അറിഞ്ഞിട്ടില്ലെങ്കില്‍ കൂടുതല്‍ പണം ആവശ്യപ്പെടുന്നുവെന്ന് പറഞ്ഞ് തര്‍ക്കം ആരംഭിക്കും. ചിലപ്പോഴൊക്കെ ഇത്തരം വഴക്ക് വലിയ കുഴപ്പങ്ങളും സൃഷ്ടിക്കാറുണ്ട്.
എന്നാല്‍ ഓട്ടോറിക്ഷകളുടെ നിരക്കിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ നിലവില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് സമഗ്ര വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് കേരള പോലീസ് ഫെയിസ്ബുക്ക് പേജ്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഈ വിവരങ്ങള്‍ ഉപയോഗപ്രദമാകും. അവസാനമായി 11/12/2018നാണ് മോട്ടോര്‍വാഹന വകുപ്പ് നിരക്ക് പുതുക്കി ഉത്തരവിറക്കിയിരിക്കുന്നത്. 25 രൂപയാണ് മിനിമം ചാര്‍ജ്. 1.5 കിലോമീറ്റര്‍ വരെയുള്ള ദൂരം മിനിമം ചാര്‍ജ് പരിധിയില്‍പ്പെടും. ഇത് കൂടാതെ സഞ്ചരിക്കുന്ന ഓരോ 100 മീറ്ററിനും 1.2 രൂപ വച്ച് നല്‍കേണ്ടതാണ്.
രാത്രി 10 മണിക്ക് ശേഷം രാവിലെ 5 മണിവരെ നടത്തുന്ന യാത്രകള്‍ക്ക് മേല്‍ സൂചിപ്പിച്ച ചാര്‍ജിന്റെ 50% കൂടി അധികമായി നല്‍കേണ്ടതാണ്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ കോര്‍പ്പറേഷനുകളും കണ്ണൂര്‍, പാലക്കാട്, കോട്ടയം എന്നീ പ്രധാന ടൗണുകളും ഒഴികെയുള്ള സ്ഥലങ്ങളില്‍ പകല്‍ 5 മണി മുതല്‍ രാത്രി 10 മണി വരെ നടത്തുന്ന ഒരു വശത്തേക്ക് മാത്രമുള്ള യാത്രകള്‍ക്ക് മിനിമം ചാര്‍ജിന് പുറമേയുള്ള തുകയുടെ 50% അധികമായി നല്‍കേണ്ടതാണ്. ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് മീറ്റര്‍ ചാര്‍ജ്ജ് മാത്രം നല്‍കിയാല്‍ മതിയാകും. വെയ്റ്റിംഗ് ചാര്‍ജ്ജ് ഓരോ 15 മിനിറ്റിനോ അതിന്റെ ഭാഗങ്ങള്‍ക്കോ 10 രൂപ നിരക്കിലും ഒരു ദിവസത്തേക്ക് പരമാവധി 250 രൂപയുമാണ്.
Post Your Comments