ഇടുക്കി: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ ഉരുട്ടിക്കൊന്ന രാജ്കുമാറിന് ഏല്‍ക്കേണ്ടി വന്നത് ക്രൂരപീഡനങ്ങളെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. മദ്യലഹരിയിലാണ് പോലീസുകാര്‍ രാജ്കുമാറിനെ ഉരുട്ടിക്കൊന്നതെന്ന് കണ്ടെത്തി. രാജ്കുമാറിനെ മര്‍ദ്ദിച്ച നാല് ദിവസവും പോലീസുകാര്‍ മദ്യലഹരിയിലായിരുന്നുവെന്നും കണ്ടെത്തി. ഒരു ദിവസം പോലും രാജ്കുമാറിനെ ഉറങ്ങാന്‍ സമ്മതിച്ചിരുന്നില്ല. സ്‌റ്റേഷന്‍ വളപ്പിലെ കാന്താരി മുളക് പറിച്ച് രഹസ്യഭാഗങ്ങളില്‍ തേച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.പോലീസുകാര്‍ നടത്തിയ മൂന്നാം മുറയുടെ വിവരങ്ങളാണ് അന്വേഷണത്തിലൂടെ പുറത്ത് വരുന്നത്.
ആരോപണ വിധേയരായ പോലീസുകാരുടെ മൊഴിയെടുക്കലിലൂടെയാണ് ക്രൈംബ്രാഞ്ചിന് ഇത്തരം വിവരങ്ങള്‍ ലഭിച്ചത്. മൊഴിയെടുക്കല്‍പുരോഗമിക്കുകയാണ്.നാല് ദിവസവും രാജ്കുമാറിനെ ഉറങ്ങാന്‍ അനുവദിച്ചില്ല.മദ്യപിച്ചതിനു ശേഷം രാത്രിയും പുലര്‍ച്ചെയുമായിട്ടാണ് പോലീസുകാര്‍ രാജ്കുമാറിനെ ചോദ്യം ചെയ്തിരുന്നത്. സ്റ്റേഷനുള്ളില്‍ നിന്ന് രാജ്കുമാറിന്റെ അലര്‍ച്ച കേട്ടിരുന്നെന്ന് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി ഹക്കീം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
മറ്റൊരു കേസില്‍പെട്ട് പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന സുനില്‍ പറഞ്ഞത് രാജ്‌കുമാറിന്റെ മൃതദേഹമാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്നാണ്. ജയിലിലേക്കു കൊണ്ടുവന്നത് സ്‌ട്രച്ചറിലാണ്. കാലൊക്കെ തൂങ്ങിക്കിടക്കുകയായിരുന്നു. പിറ്റേന്നു രാവിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. വൈകിട്ടു തിരിച്ചു കൊണ്ടുവന്നു. അടുത്ത ദിവസവും ആശുപത്രിയില്‍ കൊണ്ടുപോയി. ആംബുലന്‍സില്‍ 13 പേരാണ് കയറിയത്. എട്ടു പോലീസുകാരും ഡ്രൈവറും മൂന്നു രോഗികളും. സ്‌ട്രച്ചറില്‍ കിടത്തേണ്ട ആളിനെ ചെരിച്ചിരുത്തി കാലൊക്കെ കുത്തിയൊടിച്ചാണ് കൊണ്ടുപോയത്.
ഇരിക്കാന്‍ വയ്യെന്ന് പറഞ്ഞ് രാജ്‌കുമാര്‍ നിലവിളിച്ചപ്പോള്‍ ഇരിക്കെടാ എന്ന് പറഞ്ഞ് പോലീസുകാര്‍ പിടിച്ചിരുത്തി. തിരിച്ചുകൊണ്ടുവന്നശേഷം വെള്ളം പോലും ഇറക്കിയില്ല. മൂത്രം പോകാത്ത അവസ്‌ഥയിലായിരുന്നു. വൈകിട്ട് ഏഴ് മണി മുതല്‍ നെഞ്ചുവേദന എടുക്കുന്നെന്ന് പറഞ്ഞ് കരഞ്ഞു. ഒരു പോലീസുകാരന്‍ വന്ന് എന്തോ ഗുളിക കൊടുത്തു. സാറേ ഇത്തിരി വെള്ളം തരുവോന്ന് ചോദിച്ചു. അയാള്‍ തിരിഞ്ഞുനോക്കുമ്പോഴേക്ക് രാജ്‌കുമാര്‍ ചെരിഞ്ഞുവീണു. അന്നേരംതന്നെമരിച്ചുവെന്നും അതിനുശേഷമാണ് പോലീസുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും സുനില്‍ പറയുന്നു.
മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ ഇടുക്കി എസ്.പിയെ അറിയിച്ച ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ നെടുങ്കണ്ടം എസ്.ഐ കെ.എ സാബു ഭീഷണിപ്പെടുത്തിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. നെടുങ്കണ്ടം സ്‌റ്റേഷനില്‍ നടന്ന പീഡനം ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ സംസ്ഥാന ഇന്റലിജന്‍സ് ഗുരുതര വീഴ്ച വരുത്തിയെന്നും കണ്ടെത്തി.
Post Your Comments