കൊച്ചി : മഹാരാജാസ് കോളജില്‍ കുത്തേറ്റു മരിച്ച എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ഒന്നാം ചരമ വാര്‍ഷികം ഇന്ന്. കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ- ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണു കഴിഞ്ഞ ജൂലൈ 2ന് അര്‍ധ രാത്രി അഭിമന്യു കൊല ചെയ്യപ്പെട്ടത്. ആക്രമണത്തില്‍ പങ്കെടുത്ത 14 പേരെ പിടികൂടിയിട്ടും അഭിമന്യുവിനെ കുത്തിവീഴ്ത്തിയ 2 പ്രധാന പ്രതികളെ പിടികൂടാനാവാത്തത് ഒന്നാം വാര്‍ഷികത്തിലും സര്‍ക്കാരിനും പൊലീസിനും നാണക്കേടായി തുടരുന്നു.
അഭിമന്യുവിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ മഹാരാജാസ് ക്യാംപസില്‍ നിര്‍മിച്ച സ്മാരകം വിവാദത്തില്‍. സര്‍ക്കാര്‍ കോളജില്‍ ഭൂമി കയ്യേറി സ്മാരകം പണിയുന്നതിനെതിരെ കെഎസ്യു ഉള്‍പ്പെടെയുള്ള സംഘടനകളാണ് രംഗത്ത്. കോളജ് വികസന സമിതി അധ്യക്ഷനായ കലക്ടര്‍ക്കും പരാതി നല്‍കി.കോളജ് അധികൃതരുടെ മൗനാനുവാദത്തോടെയാണ് അനധികൃത നിര്‍മാണമെന്നും കെഎസ്യു ആരോപിക്കുന്നു. പ്രതിമ സ്ഥാപിക്കുകയല്ല, പ്രതികളെ പിടിക്കുകയാണ് ചെയ്യേണ്ടതെന്ന മുദ്രാവാക്യവുമായി കെഎസ്യു സമരവും ആരംഭിച്ചു.
അതേസമയം സ്മാരകം മഹാരാജാസ് കോളജില്‍ ഇന്ന് ഉദ്ഘാടനം ചെയ്യുമ്പോള്‍ അനിഷ്ടസംഭവങ്ങളുണ്ടാകുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണറും കലക്ടറും ഉറപ്പാക്കണമെന്നു ഹൈക്കോടതി. കോളജില്‍ എന്തു നടക്കുന്നു എന്ന് ജില്ലാ കലക്ടറും പൊലീസ് മേധാവിയും റിപ്പോര്‍ട്ട് നല്‍കണം. പൊലീസിന്റെ പ്രവര്‍ത്തനം പ്രിന്‍സിപ്പലിന്റെ നിര്‍ദേശ പ്രകാരം വേണം. പൊലിസ് അതിക്രമത്തെ കുറിച്ചു പരാതി ഉയരാന്‍ സാഹചര്യമൊരുക്കരുതെന്നും കോടതി വ്യക്തമാക്കി.
ക്യാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്തിനു മുകളില്‍ ‘വര്‍ഗീയത തുലയട്ടെ’ എന്ന് എഴുതി ചേര്‍ത്തതിനെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതു സംഘര്‍ഷത്തിലെത്തി. ക്യാംപസ് ഫ്രണ്ടുകാര്‍ അല്‍പ്പസമയത്തിനകം പുറത്ത് നിന്ന് എസ്ഡിപിഐക്കാരെക്കൂട്ടി മടങ്ങിയെത്തി എസ്എഫ്‌ഐ സംഘത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. അഭിമന്യുവിനെ അടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
സിപിഎമ്മും എസ്എഫ്‌ഐയും നടത്തിയ ധനശേഖരണത്തിലൂടെ സ്വരൂപിച്ച 3.76 കോടി രൂപയില്‍ ഒരു ഭാഗം ഉപയോഗിച്ച് വട്ടവടയില്‍ അഭിമന്യുവിന്റെ കുടുംബത്തിനായി 10 സെന്റ് സ്ഥലം വാങ്ങി വീടുവച്ചു നല്‍കി. സഹോദരിയുടെ കല്യാണവും പാര്‍ട്ടി തന്നെ നടത്തി. മാതാപിതാക്കളുടെ പേരില്‍ 25 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചു. വട്ടവട പഞ്ചായത്ത് ഓഫിസിനു മുകളില്‍ അഭിമന്യുവിന്റെ പേരില്‍ വായനശാലയും തുറന്നു. വട്ടവടയ്ക്ക് ഇന്നും കണ്ണീരോര്‍മയാണ് അഭിമന്യു.
Post Your Comments