കൊച്ചി: അത്യാവശ്യമായി എവിടെയെങ്കിലും പോകാന്‍ ഇറങ്ങുമ്പോള്‍ കൃത്യസമയത്ത് ബസ് കിട്ടില്ല. ഏറെ നേരം കാത്തുനിന്നാലും ഒരു ഒാട്ടോപോലും ആ വഴി വരില്ല. മിക്കപ്പോഴും നിങ്ങള്‍ ഈ അവസ്ഥ നേരിട്ടിട്ടുണ്ടാകും. എന്നാല്‍ ഇനി ഓട്ടോറിക്ഷയോ ബസോ കിട്ടിയില്ലെങ്കിലും വിഷമിക്കേണ്ട കാര്യമില്ല. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടര്‍ ഷെയറിങ് സ്റ്റാര്‍ട്ടപ്പായ വോഗോ കേരളത്തിലും ചുവടുറപ്പിക്കാന്‍ തയ്യാറാവുകയാണ്. ഇപ്പോള്‍ ബംഗളൂരു, ഹൈദരാബാദ്, മൈസൂരു, ചെന്നൈ, ഹുബ്ബള്ളി, മംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് കമ്പനി സ്‌കൂട്ടര്‍ ഷെയറിങ് സേവനം നല്‍കുന്നത്. എന്നാല്‍ ഈ വര്‍ഷം തന്നെ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് കമ്പനിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബംഗളൂരുവിലും മറ്റും മെട്രോ റെയിലുമായി സഹകരിച്ചാണ് വോഗോയുടെ പ്രവര്‍ത്തനം. സമാന രീതിയായിരിക്കും കൊച്ചിയിലും അവലംബിക്കുക. ഉപഭോക്താവിന് വോഗോ ആപ്പിലൂടെ സമീപത്തെ സ്റ്റേഷനില്‍ നിന്നും സ്‌കൂട്ടര്‍ തിരഞ്ഞെടുക്കാം. വോഗോ ആപ്പ് തന്നെയാണ് സ്‌കൂട്ടറിന്റെ താക്കോലും. ആപ്പ് വഴിയാണ് സ്‌കൂട്ടര്‍ ഓണ്‍/ഓഫ് ചെയ്യേണ്ടത്. ഉപയോഗശേഷം സമീപത്തെ സ്റ്റേഷനില്‍ സ്‌കൂട്ടര്‍ തിരിച്ചേല്‍പ്പിക്കാം. കിലോമീറ്ററിന് അഞ്ച് രൂപ മാത്രമാണ് നിരക്ക്. അതായത്, പത്തു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പോലും ഉപഭോക്താവിന് ചെലവ് വെറും 50 രൂപ മാത്രമേ വരികയുള്ളൂ. ഇന്‍ഷ്വറന്‍സ്, ജി.പി.എസ്., ബ്‌ളൂടൂത്ത്, മികച്ച ബാറ്ററി ബാക്കപ്പ് തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കിയാണ് ഉപഭോക്താവിന് സ്‌കൂട്ടര്‍ നല്‍കുന്നത്. ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് മാത്രമേ സ്‌കൂട്ടര്‍ നല്‍കൂ. നിലവില്‍ വോഗോ ശൃംഖലയില്‍ 10,000 സ്‌കൂട്ടറുകളാണുള്ളത്. ഇതില്‍ ഭൂരിഭാഗവും ഇലക്ട്രിക് സ്‌കൂട്ടറുകളാണ്. കമ്പനിക്ക് സ്വന്തമായി ഉള്ളതിന് പുറമേ പാട്ടത്തിനും ഫ്രാഞ്ചൈസികളിലൂടെയും ലഭിച്ചവയാണ് ഈ സ്‌കൂട്ടറുകള്‍. 2025-ഓടെ ഇത് 10 ലക്ഷമായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
2016-ല്‍ പ്രവര്‍ത്തനം തുടങ്ങിയ വോഗോ ഇതിനോടകം 30 ലക്ഷത്തോളം റൈഡുകള്‍ ഒരുക്കിക്കഴിഞ്ഞു. പ്രതിദിനം 40,000ലേറെ റൈഡുകള്‍ ഇപ്പോള്‍ കമ്പനിക്ക് കിട്ടുന്നുണ്ട്. കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.
Post Your Comments