ന്യൂഡല്‍ഹി: ബെംഗളൂരിലെ ആര്‍എസ്‌എസ് നേതാവ് രുദ്രേഷിനെ വധിച്ച കേസില്‍ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് അസീം ഷെരീഫ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എന്‍വി രമണ, എഎം ഖാന്‍വില്‍ക്കര്‍, അജയ് റസ്‌തോഗി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെയാണ് വിധി. ഭീകരപ്രവര്‍ത്തനം, കൊലക്കുറ്റം എന്നിവ ചുമത്തിയ കുറ്റപത്രം റദ്ദാക്കണമെന്ന ഷെരീഫിന്റെ ആവശ്യം 2018 ജനുവരി രണ്ടിന് ബെംഗളൂരു ഹൈക്കോടതി തള്ളിയിരുന്നു.
ഇതിനെതിരെ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. 2016 ഒക്‌ടോബര്‍ 16 നാണ് വിജയദശമി പഥസഞ്ചലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മണ്ഡല്‍ കാര്യവാഹ് , ശിവാജിനഗര്‍ സ്വദേശി ആര്‍.രുദ്രേഷിനെ (35) കൊലപ്പെടുത്തിയത്. കേസ് പോലീസില്‍ നിന്ന് ഏറ്റെടുത്ത് അന്വേഷിച്ച ദേശീയ അന്വേഷണ ഏജന്‍സി പോപ്പുലര്‍ ഫ്രണ്ട് നേതാവ് അസീം ഷെരീഫ്, പ്രവര്‍ത്തകരായ വസീം അഹമ്മദ്, മുജീബ് സാദിഖ്. ഇര്‍ഫാന്‍ പാഷ, മുഹമ്മദ് മുജീബുള്ള എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്കെതിരെ യുഎപിഎയും ചുമത്തിയിരുന്നു. അസീമിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അരുംകൊലയെന്ന് മറ്റു നാലു പ്രതികളും പോലീസിനോട് സമ്മതിച്ചിരുന്നു.
തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട അസീം ഷെരീഫ് നല്‍കിയ ഹര്‍ജി എന്‍ഐഎ കോടതി തള്ളിയിരുന്നു. അപ്പീല്‍ ഹൈക്കോടതിയും തള്ളി. പോപ്പുലര്‍ ഫ്രണ്ട് ബെംഗളൂരു യൂണിറ്റ് പ്രസിഡന്റാണ് അസീം ഷെരീഫ്. അഞ്ചു പ്രതികളും പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവര്‍ത്തകരായിരുന്നു.2018 മെയിലാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. ഒരു വിഭാഗത്തില്‍ ഭയം ജനിപ്പിക്കാനായിരുന്നു അരുകൊലയെന്ന് കുറ്റപത്രത്തില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ മറ്റൊരു പ്രതി വസീം അഹമ്മദിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം എന്‍ഐഎ കോടതി തള്ളിയിരുന്നു. കാല്‍മുട്ട് ശസ്ത്രക്രിയക്ക് പോകാന്‍ മൂന്നു മാസം ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹര്‍ജി. ജന്മഭൂമി ആണ് ഇത് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
Post Your Comments