ദില്ലി: മണ്‍സൂണ്‍ സീസണിലെ ആദ്യ മാസം അവസാനിച്ചത് 33 ശതമാനം മഴക്കമ്മിയോടെയെന്ന് റിപ്പോര്‍ട്ട്. 30 ഉപവിഭാഗങ്ങള്‍ ചുവപ്പിലും അഞ്ചെണ്ണം സാധാരണ മഴ വിഭാഗത്തിലും ഒരെണ്ണം മാത്രം അതായത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മാത്രം അധിക മഴയും രേഖപ്പെടുത്തി
ഒരു ഘട്ടത്തില്‍ മഴക്കമ്മി 2014 ജൂണിലെ 42 ശതമാനമെന്നതിലേക്ക് താഴുമെന്ന നില വരെയുണ്ടായി. അങ്ങനെയാണെങ്കില്‍ ഏഴ് വര്‍ഷത്തെ റെക്കോര്‍ഡ് ലംഘിക്കുമെന്ന രീതിയില്‍ ഭീഷണി ഉയര്‍ന്നു. പക്ഷേ എന്തോ ഭാഗ്യത്തിന് അത് സംഭവിച്ചില്ല. പക്ഷേ പശ്ചിമ തീരത്തിന്റെ വടക്കന്‍ മേഖലകളില്‍ മഴ വളരെ കുറവാണ് രേഖപ്പെടുത്തിയത്.
ഞായറാഴ്ചയോടെ മണ്‍സൂണിന് പ്രതീക്ഷിച്ച തരത്തിലൊരു താഴ്ന്ന മര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇതിന് മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നു. അതോടെ ഇന്ത്യയുടെ മധ്യഭാഗങ്ങളിലും രാജസ്ഥാനിലെ ചില പ്രദേശങ്ങളിലും ജൂലൈ 1 മുതല്‍ 3 വരെ കനത്ത മഴ പെയ്യും. ഇത് ഒരാഴ്ചയോ 10 ദിവസമോ വൈകാന്‍ സാധ്യതയുണ്ട്.
ചൊവ്വാഴ്ച മുതല്‍ വ്യാഴം വരെ കിഴക്കന്‍ ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും അവശേഷിക്കുന്ന ഭാഗങ്ങളിലും പശ്ചിമ ഉത്തര്‍പ്രദേശിന്റെ പല ഭാഗങ്ങളിലും ഹിമാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങളിലും മണ്‍സൂണ്‍ എത്തും. അടുത്ത മൂന്ന് ദിവസങ്ങളില്‍ ഒഡീഷ, ഛത്തീസ്ഗഡ്, തെലങ്കാന, വിദര്‍ഭ, കിഴക്കന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ വ്യാപകമായി കനത്തതും വളരെ കനത്തതുമായ മഴ പെയ്യുമെന്നും പ്രവചനമുണ്ട്.
അടുത്ത മൂന്ന്, നാല് ദിവസങ്ങളില്‍ കൊങ്കണ്‍, ഗോവ, മധ്യ മഹാരാഷ്ട്ര, മറാത്ത്വാഡ, കിഴക്കന്‍ ഗുജറാത്ത്, കിഴക്കന്‍ രാജസ്ഥാന്‍, പശ്ചിമ മധ്യപ്രദേശ് എന്നിവിടങ്ങളിലും മെച്ചപ്പെട്ട മഴ ലഭിക്കും.
Post Your Comments