കൊച്ചി: : മഹാരാജാസ് കോളേജിൽ നിര്‍മ്മിച്ച അഭിമന്യു സ്മാരക അനാച്ഛാദനം തടയണം എന്ന് ആവശ്യപ്പെട്ട് കെഎസ്‍യു നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. കോളേജിലെ കാര്യങ്ങളിൽ കോടതി അല്ല പ്രിൻസിപ്പാൾ ആണ് തീരുമാനം എടുക്കേണ്ടതെന്നു കോടതി വ്യക്തമാക്കി. അനാച്ഛാദന ചടങ്ങ് നടക്കുന്നതിനിടെ ക്രമ സമാധാന പ്രശ്നം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോളേജ് അധികൃതരോട് നിര്‍ദ്ദേശിച്ചു. അതേസമയം ഹർജിയിൽ സർക്കാരിനോട് വിശദീകരണവും തേടിയിട്ടുണ്ട്. സർക്കാർ ഭൂമിയിൽ അനുമതി ഇല്ലാതെ ആണ് നിർമ്മാണം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്‍യു ഹൈക്കോടതിയെ സമീപിച്ചത്.
ക്യാമ്പസിനകത്ത് സ്മാരകം നിർമ്മിക്കാൻ എസ്എഫ്ഐ അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ച് കെ എസ് യു പ്രവർത്തകർ വികസന സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് പരാതി സമർപ്പിച്ചിരുന്നു. സ്മാരകം പണിയുന്നത് സംഘടന അല്ലെന്നും വിദ്യാർത്ഥി കൂട്ടായ്മയാണെന്ന വിശദീകരണവുമായി എസ്എഫ്ഐ രംഗത്തെത്തി.
Post Your Comments